പ്രഭാസ് ചിത്രത്തിനിടെ ആരതി; തിയേറ്ററി‌ൽ തീപിടിത്തം

Monday 12 January 2026 12:57 AM IST

ഭുവന്വേശർ: തെലുങ്ക് താരം പ്രഭാസിന്റെ പുതിയ ചിത്രമായ 'ദ രാജാ സാബ്' പ്രദർശിപ്പിക്കുന്നതിനിടെ സിനിമാ തിയേറ്ററിൽ തീപിടുത്തം.

പ്രഭാസിന്റെ ഇൻട്രൊഡക്ഷൻ സീനിനിടെ ആരാധകർ തിയേറ്ററിനുള്ളിൽ ആരതി ഉഴിയുകയും പടക്കം പൊട്ടിക്കുകയും ചെയ്തതാണ് അപകടത്തിന് കാരണം. ഒഡീഷയിലെ റായ്‌ഗഡയിലുള്ള അശോക് തിയേറ്ററിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

സിനിമയിലെ പ്രഭാസിന്റെ രംഗം വന്നപ്പോൾ സ്‌ക്രീനിന് സമീപമിരുന്ന ഒരു കൂട്ടം ആരാധകർ ആഘോഷം തുടങ്ങുകയായിരുന്നു. ഇതിനിടെ ഇവർ പടക്കം പൊട്ടിക്കുകയും ആരതി ഉഴിയുകയും ചെയ്തതോടെ സ്‌ക്രീനിന് സമീപമുള്ള ഭാഗങ്ങളിൽ തീ പട‌ർന്നു. പെട്ടെന്നുണ്ടായ തീപിടുത്തത്തിൽ ഹാളിലുണ്ടായിരുന്ന കാണികൾ പരിഭ്രാന്തരായി ചിതറിയോടിയെന്ന് അധികൃതർ പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് പ്രദർശനം നിറുത്തിവച്ചാണ് കാണികളെ സുരക്ഷിതമായി തിയേറ്ററിനു പുറത്തെത്തിച്ചത്. തിയേറ്ററിന്റെ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. മാരുതി രചനയും സംവിധാനവും നിർവ്വഹിച്ച 'ദ രാജാ സാബ്' ജനുവരി 9നാണ് തിയേറ്ററുകളിൽ എത്തിയത്. പ്രഭാസിനൊപ്പം മാളവിക മോഹനൻ, നിധി അഗർവാൾ, റിധി കുമാർ, സഞ്ജയ് ദത്ത്, ബൊമൻ ഇറാനി തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം മലയാളം അടക്കം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തത്. അൽഷിമേഴ്സ് ബാധിച്ച തന്റെ മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റാൻ കൊച്ചുമകൻ നടത്തുന്ന വൈകാരിക യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൊറർ-കോമഡി ജോണറിൽപ്പെട്ട ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നതിനിടെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്.