ഐ-പാകിനെതിരെ 20 കോടിയുടെ ഹവാലാ ആരോപണവുമായി ഇ.ഡി

Monday 12 January 2026 1:00 AM IST

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുന്ന ഐ-പാക് ഏജൻസിക്കെതിരെ 20 കോടിയുടെ ഹവാല ഇടപാട് ആരോപിച്ച് ഇ.ഡി. പശ്ചിമ ബംഗാളിൽ നടന്ന കൽക്കരി കള്ളക്കടത്തിൽ നിന്ന് ലഭിച്ച കുറ്റകൃത്യങ്ങളുടെ വരുമാനം ആഭ്യന്തര, അന്തർദേശീയ ഹവാല ചാനലുകൾ ഗോവയിലേക്ക് കടത്തിയെന്നാണ് കൊൽക്കത്ത ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇ.ഡി ആരോപിക്കുന്നത്.

കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഇ.ഡി കഴിഞ്ഞയാഴ‌്ച ഐ-പാകിന്റെയും ഡയറക്‌ടറുമായ പ്രതീക് ജെയിനിന്റെയും ഓഫീസുകളിലും വസതിയിലും റെയ്ഡ് നടത്തിയത്. ഈ റെയ്ഡ് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി തടസപ്പെടുത്തിയെന്ന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നൽകിയ ഹർജികളിൽ ഇ.ഡി ആരോപിക്കുന്നു.

ഡൽഹി ആസ്ഥാനമായുള്ള ഒരു നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനത്തിന്റെ മുൻ ഡയറക്ടർ വഴിയാണ് ഹവാലാ പണമിടപാട് നടന്നതെന്ന് ഇ.ഡി പറയുന്നു. മുന്ന എന്ന ഒരാളുടെ നേതൃത്വത്തിൽ പണം കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു ഹവാല സ്ഥാപനത്തിന്റെ മാനേജരിലുമെത്തി. 2021-22 കാലയളവിൽ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി ജീവനക്കാരന് കൈമാറിയ പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവാക്കിയെന്നും ഇ.ഡി ആരോപിക്കുന്നു. അതുകൊണ്ടാണ് അന്ന് ഗോവയിൽ തൃണമൂലിന്റെ പ്രചാരണം നിയന്ത്രിച്ചിരുന്ന പ്രതീക് ജെയിനെ കേന്ദ്രീകരിച്ച് അന്വേഷണം.

ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ കൽക്കരി ഉൽപ്പാദകരായ ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ പരിസരത്ത് നിന്ന് കൽക്കരി മോഷ്ടിച്ച് കടത്തുന്ന അനുപ് മാജി എന്നയാളിൽ നിന്നാണ് ഇഡിയുടെ അന്വേഷണം തുടങ്ങിയത്. മോഷ്ടിച്ച കൽക്കരി പശ്ചിമ ബംഗാളിലെ ബങ്കുര, പുർവ ബർദ്ധമാൻ, പുരുലിയ തുടങ്ങിയ ജില്ലകളിലെ ഫാക്ടറികൾക്കും പ്ലാന്റുകൾക്കും വിറ്റതായി ഇഡി അവകാശപ്പെട്ടു. ഫാക്ടറി ഉടമകൾ നൽകിയ പണമാണ് ഹവാലാ മാർഗ ലൂടെ ഗോവയിലെത്തിയത്.