ത്രിപുരയിൽ സംഘർഷം, വീടുകൾക്ക് തീവച്ചു, നിരവധി പേർക്ക് പരിക്ക്
അഗർത്തല: ത്രിപുരയിലെ ഉനകോടിയിൽ ശനിയാഴ്ച നടന്ന വ്യാപാരമേളയ്ക്കിടെയുണ്ടായ സംഘർഷം രണ്ട് സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറി. സംഘർഷത്തിൽ നിരവധി വീടുകൾക്ക് തീവയ്ക്കുയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥലത്ത് സുരക്ഷാസേനയെ രംഗത്തിറക്കിയ സംസ്ഥാന സർക്കാർ നിരോധനാജ്ഞയും ഏർപ്പെടുത്തി. കുമർഘട് സബ് ഡിവിഷൻ മേഖലയിൽ ഇന്റർനെറ്റ് സേവനം താത്കാലികമായി നിറുത്തിവച്ചിട്ടുണ്ട്. അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ കേന്ദ്ര സേന സ്ഥലത്ത് മാർച്ച് നടത്തി. മേഖലയിൽ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു. സൈദാർപൂർ ഗ്രാമത്തിൽ വ്യാപാര മേളയിൽ പങ്കാളിത്തം ആവശ്യപ്പെട്ട് ഒരു വിഭാഗം വാഹനങ്ങൾ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ എതിർത്ത് മറ്റൊരു വിഭാഗം ജനങ്ങൾ രംഗത്തിറങ്ങി. തുടർന്ന് ഇവർ തമ്മിലുണ്ടായ തർക്കം സാമുദായിക സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഈ സംഘർഷത്തിന് പിന്നാലെ ഒരു സമുദായത്തിൽ നിന്നുള്ള ആളുകൾ മറുവിഭാഗത്തിന്റെ വീടുകൾ ആക്രമിച്ചു. മരത്തടികൾ വിൽക്കുന്ന കടയ്ക്ക് തീവച്ച സംഘം മറുവിഭാഗത്തിന്റെ ഒരു ആരാധനാലയവും ആക്രമിക്കുകയായിരുന്നു. ആക്ടിംഗ് പൊലീസ് സൂപ്രണ്ട് അവിനാശ് റായ്, ജില്ലാ മജിസ്ട്രേറ്റ് തമാൽ മജുംദാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സംഘർഷ സ്ഥലം സന്ദർശിച്ചു.