മതിൽ കെട്ടുന്നതിനിടെ അടിപിടി: രണ്ടുപേർക്ക് പരിക്ക്
പൂവാർ: അപകടാവസ്ഥയിലായ മതിൽ പൊളിച്ചുകെട്ടുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെയുണ്ടായ അടിപിടിയിൽ രണ്ടുപേർക്ക് പരിക്കേറ്റു.
കഞ്ചാംപഴിഞ്ഞി ബണ്ട്റോഡ് ഗോകുലത്തിൽ ഗോപി (75),അനുജൻ രവീന്ദ്രൻ (70) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസികളായ കഞ്ചാംപഴിഞ്ഞി ബണ്ട് റോഡ് പുനർജനിയിൽ രാജേന്ദ്രൻ (57),മകൻ ഉണ്ണി എന്ന ഋഷികേശ് (21) എന്നിവരെ പൂവാർ പൊലീസ് അറസ്റ്റുചെയ്തു. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ രവീന്ദ്രനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വീടിന് മുന്നിലെ മതിൽ പൊളിച്ചുകെട്ടാൻ തുടങ്ങിയപ്പോഴാണ് തർക്കമുണ്ടായത്. ഗോപിയുടെ പുരയിടത്തിൽ നിന്നിരുന്ന മഹാഗണി മുറിച്ചശേഷമേ മതിൽകെട്ടാവൂയെന്ന് ചൂണ്ടിക്കാട്ടി രാജേന്ദ്രൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ശിഖരങ്ങൾ മുറിച്ചുമാറ്റുകയും ചെയ്‌തു. എന്നാൽ മരം പൂർണമായി മുറിച്ചുമാറ്റിയില്ലെന്ന് ആരോപിച്ച് രാജേന്ദ്രൻ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നെന്നാണ് ആരോപണം.
ഇത് ചോദ്യം ചെയ്‌ത ഗോപിയെ രാജേന്ദ്രനും മകൻ ഋഷികേശും ചേർന്ന് മർദ്ദിച്ചു. തടയാനെത്തിയപ്പോഴാണ് ഗോപിയുടെ അനുജൻ രവീന്ദ്രന് മർദ്ദനമേറ്റത്. ഇഷ്ടിക കൊണ്ടുള്ള ഇടിയേറ്റ് തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റു. ഗോപിയുടെ പരാതിയിൽ കേസെടുത്ത പൂവാർ പൊലീസ് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. ഇവരെ റിമാൻഡ് ചെയ്തു.