മയക്കുമരുന്നു കേസിലെ കൂട്ടുപ്രതി പിടിയിൽ
കോഴിക്കോട്: മയക്കുമരുന്ന് കേസിലെ കൂട്ടുപ്രതിയായ കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെച്ച് അറസ്റ്റിലായി. തങ്ങൾസ് റോഡ് പുതിയമാളിയേക്കൽ വീട്ടിൽ ആദിൽ മഷൂദാണ് (27) ആണ് പിടിയിലായത്. ഈ കേസിലെ മൂന്നാം പ്രതിയായ കുറ്റിച്ചിറ സ്വദേശി വാടിയിൽ വീട്ടിൽ സിറാജുദ്ദീനെ (27) കസബ പൊലീസ് കഴിഞ്ഞ ഡിസംബർ 21ന് കുറ്റിച്ചിറയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. വിപണിയിൽ അരക്കൊടിയിലേറെ രൂപ വിലമതിക്കുന്ന രാസലഹരിയുമായി കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ (29), കുണ്ടുങ്ങൽ എം.സി ഹൗസിലെ ഷഹദ് (27) എന്നിവരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിൽ നേരത്തെ റിമാന്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് കുറ്റിച്ചിറ സ്വദേശികൾക്ക് വേണ്ടിയാണ് മയക്കുമരുന്നുകൾ കൊണ്ടുവന്നെതെന്ന് അറിഞ്ഞത്. തുടർന്ന് അന്വേഷണ സംഘം കുറ്റിച്ചിറ നിന്ന് സിറാജുദ്ദീനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതറിഞ്ഞ ആദിൽ മഷൂദ് വിദേശത്തേയ്ക്ക് കടക്കാൻ ഡൽഹി എയർപോർട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നു.