പാണ്ടകളായി മാറി മൃഗശാല ജീവനക്കാർ !

Monday 12 January 2026 7:04 AM IST

ടോക്കിയോ: ശരിക്കുമുള്ള പാണ്ട ഇല്ല. അതുകൊണ്ട് ജീവനക്കാർ തന്നെ പാണ്ടകളായി മാറി ! ജപ്പാനിലെ ഷിറാഹാമ ടൗണിലെ അഡ്വഞ്ചർ അമ്യൂസ്‌മെന്റ് പാർക്കിലെത്തിയ സന്ദർശകർ കൂട്ടിനുള്ളിൽ പാണ്ടയുടെ വേഷത്തിൽ, അവയെ പോലെ അനുകരിക്കുന്ന ജീവനക്കാരെ കണ്ട് അമ്പരന്നു. പാർക്കിന്റെ മുഖ്യ ആകർഷണമായിരുന്ന നാല് പാണ്ടകളെ അടുത്തിടെയാണ് ചൈനയിലേക്ക് തിരിച്ചയച്ചത്. ചൈനയിൽ നിന്ന് പാട്ടത്തിന് ലഭിച്ചതായിരുന്നു ഇവയെ. ഇത്രയും കാലം ജീവനക്കാരെയും സന്ദർശകരെയും രസിപ്പിച്ച പാണ്ടകളുടെ ഓർമ്മയ്ക്കായാണ് മൃഗശാല ജീവനക്കാർ പാണ്ട വേഷത്തിൽ എത്തിയത്. ചൈനയിൽ നിന്ന് പുതിയ പാണ്ടകളെ എത്തിക്കാൻ പാർക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങൾക്കുമിടെയിൽ നയതന്ത്ര പിരിമുറുക്കങ്ങൾ നിലനിൽക്കുന്നതിനാൽ വൈകിയേക്കുമെന്ന് കരുതുന്നു.