ഇറാന്റെ മുന്നറിയിപ്പ് : യു.എസിന്റെ സൈനിക ബേസുകൾ തകർക്കും  പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു

Monday 12 January 2026 7:07 AM IST

ടെഹ്റാൻ: രാജ്യത്തിന് നേരെ യു.എസിന്റെ ആക്രമണ സാദ്ധ്യത ശക്തമാകവെ,മേഖലയിലുള്ള അമേരിക്കൻ സൈനിക ബേസുകൾ തകർക്കുമെന്ന് ഇറാൻ. ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷമായിരിക്കുന്നതിനിടെ,പ്രതിഷേധക്കാരെ 'രക്ഷിക്കാൻ" ഇടപെടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണിത്.

തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ,അമേരിക്കൻ ബേസുകൾക്ക് പുറമേ ഇസ്രയേലിനെയും യു.എസ് ബന്ധമുള്ള കപ്പലുകളെയും ലക്ഷ്യമാക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബക്കർ ഖലിബാഫ് പറഞ്ഞു. അതേസമയം,ഇറാനിൽ യു.എസ് ഇടപെടലിന് സാദ്ധ്യതയുള്ളതിനാൽ ഇസ്രയേലും ജാഗ്രത ശക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ ബന്ധപ്പെട്ട യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ,സ്ഥിതിഗതികൾ ചർച്ച ചെയ്തു.

ഇറാൻ വലിയ കുഴപ്പത്തിലാണെന്നും ആളുകളെ കൊല്ലുന്നത് തുടർന്നാൽ തങ്ങൾ ശക്തമായി പ്രഹരിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെ,പ്രക്ഷോഭകർ സർക്കാരിനെതിരെ തെരുവുകളിൽ തുടരണമെന്ന് യു.എസിൽ കഴിയുന്ന ഇറാൻ മുൻ കിരീടാവകാശി റെസ പഹ്‌ലവി ആവശ്യപ്പെട്ടു. താൻ വൈകാതെ രാജ്യത്തെത്തുമെന്നും പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കെതിരെ ഇറാനിൽ തുടങ്ങിയ പ്രതിഷേധങ്ങൾ ഭരണകൂട വിരുദ്ധമായി മാറിയതോടെ പ്രക്ഷോഭകരുടെ പ്രതീകാത്മക നേതൃസ്ഥാനം റെസ ഏറ്റെടുക്കുകയായിരുന്നു. നഗരങ്ങൾ പിടിച്ചെടുക്കാൻ റെസ ജനങ്ങളോട് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. അതേസമയം,സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ പരിഗണനയിലുണ്ട്.

ഇന്റർനെറ്റ് വിലക്ക് തുടരുന്നു

 60 മണിക്കൂറിലേറെയായി ഇന്റർനെറ്റ് വിലക്ക് തുടരുന്നു. എന്നാൽ, സ്റ്റാർലിങ്ക് ഉപഗ്രഹ ടെർമിനലുകൾ വഴി പ്രക്ഷോഭത്തിന്റെ വീഡിയോകൾ ഇന്റർനെറ്റിലെത്തുന്നുണ്ട്.

 വിവരങ്ങൾ പുറംലോകമറിയാതിരിക്കാൻ സ്റ്റാർലിങ്ക് സിഗ്നലുകളെ സർക്കാർ തടസപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്.

 ടെഹ്റാനിൽ 26 കെട്ടിടങ്ങൾ പ്രക്ഷോഭകർ കത്തിച്ചു

 അറസ്റ്റിലായവർ 10,​000 കടന്നു

മോർച്ചറികൾ നിറയുന്നു

പ്രക്ഷോഭത്തിനിടെ നിരവധി യുവാക്കൾ കൊല്ലപ്പെട്ടെന്നും എമർജൻസി വാർഡുകൾ പരിക്കേറ്റവരാൽ നിറയുകയാണെന്നും റിപ്പോർട്ട്. വടക്കൻ ഇറാനിലെ റാഷ്ട്ടിലെ ഒരു ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി മാത്രം 70 മൃതദേഹങ്ങൾ എത്തിച്ചെന്നും മോർച്ചറി നിറഞ്ഞതിനാൽ മറ്റൊരു മുറിയിലേക്ക് മൃതദേഹങ്ങൾ മാറ്റേണ്ടി വന്നെന്നും ഒരു വിദേശ മാദ്ധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 28 മുതൽ 116 - 500ലേറ പേർ കൊല്ലപ്പെട്ടെന്നാണ് വിവിധ സംഘടനകൾ പറയുന്നത്. 109 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്ന് ഇറാൻ ദേശീയ മാദ്ധ്യമം സ്ഥിരീകരിച്ചു.