14 സംസ്ഥാനങ്ങളിൽ വേരുള്ള ഗുണ്ടാത്തലവൻ; പിടിയിലായത് ഒറ്റുകാരനെ പച്ച‌ക്ക് തീകൊളുത്തിയ ആൾ

Monday 12 January 2026 11:40 AM IST

സൂറത്ത്: ആറിലധികം സംസ്ഥാനങ്ങളിലെ പൊലീസ് തിരഞ്ഞിരുന്ന ഗുണ്ടാനേതാവിനെ പിടികൂടി ക്രൈം ബ്രാഞ്ച്. രാജു, അബ്ബാസ് അലി, റഹ്മാൻ ഡാക്കു എന്നീ പേരുകളിൽ അറിയപ്പെടുന്ന ആബിദ് അലിയെയാണ് സൂറത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഭോപ്പാലിലെ ഇറാനി ദേര പ്രദേശത്തുനിന്നുള്ള ഗുണ്ടാസംഘം സൂറത്തിൽ പ്രവേശിച്ചുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടഇൻസ്പെക്ടർ ജെഎൻ ഗോസ്വാമിയാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.

14 സംസ്ഥാനങ്ങളിലായി സജീവമായി കുറ്റകൃത്യങ്ങൾ നടത്തുന്ന ഒരു ക്രിമിനൽ ശൃംഖലയുടെ നേതാവാണ് ആബിദ് അലി എന്ന് അധികൃതർ പറയുന്നു. ഇയാളുടെ നേതൃത്വത്തിൽ ആറിലധികം സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് വിവരം. കവർച്ച, പിടിച്ചുപറി, ആൾമാറാട്ടം, ഭൂമി കൈയേറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സംഘം നടത്തിവരുന്നു. ഓരോ സംഘവും ഏത് സംസ്ഥാനത്ത് പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നത് ആബിദ് അലിയാണ്. ആക്രമണങ്ങൾ ഏകോപിപ്പിച്ചിരുന്ന ഇയാൾ നേരിട്ട് പ്രത്യക്ഷപ്പെടുന്ന സന്ദർഭങ്ങൾ കുറവായിരുന്നു.

വളരെ സംഘടിതമായാണ് കുറ്റകൃത്യങ്ങൾ നടത്തിയിരുന്നതെന്നും മുതിർന്ന പൗരന്മാരെയാണ് ഇവർ പലപ്പോഴും ലക്ഷ്യം വച്ചിരുന്നതെന്നും പൊലീസ് പറയുന്നു. ആഭരണങ്ങളും പണവും തട്ടിയെടുക്കാൻ പൊലീസുകാരായി വേഷം മാറൽ, വ്യാജ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹന പരിശോധനകൾ നടത്തൽ, വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇവർ നടത്തിയിരുന്നു. ഇവർ തോക്കുകൾ കൈവശം വച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം ഇവർ ആഡംബര ജീവിതത്തിന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. ആഡംബര കാറുകൾ, ബൈക്കുകൾ, കുതിരകൾ എന്നിവ ഈ സംഘം സ്വന്തമാക്കിയിരുന്നു. ഇവരെക്കുറിച്ച് അധികാരികൾക്ക് സൂചന നൽകിയെന്ന് സംശയിച്ച് ഭോപ്പാലിൽ സാബിർ അലി എന്നയാളെ ആബിദ് അലിയും സഹോദരനും ജീവനോടെ ചുട്ടുകൊന്നതായും അധികൃതർ പറയുന്നു.

സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ നടപടികളുടെ ഭാഗമായി നിരവധി ഗുണ്ടാസംഘങ്ങളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ആബിദ് അലിയെ ചോദ്യം ചെയ്‌തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ തുടർനടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.