പിഎസ്‌എൽവി സി 62 ദൗത്യം പരാജയം; മൂന്നാം ഘട്ടത്തിൽ നിയന്ത്രണം നഷ്‌ടമായി
ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ പിഎസ്‌എൽവി സി 62 ദൗത്യം പരാജയപ്പെട്ടു. ഭൂമിയിൽ നിന്ന് വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് പിന്നീട് വിക്ഷേപണ പാതയിൽ നിന്ന് വ്യതിചലിക്കുകയും മൂന്നാംഘട്ടത്തിൽ നിയന്ത്രണം നഷ്‌ടമാകുകയും ചെയ്‌തതായി ഐഎസ്‌ആർഒ അറിയിച്ചു. ഐഎസ്‌ആർഒയുടെ 2026ലെ ആദ്യവിക്ഷേപണമായിരുന്നു ഇത്. തുടർച്ചയായി രണ്ടാം തവണയാണ് പിഎസ്‌എൽവി വിക്ഷേപണം പരാജയപ്പെടുന്നത്.
കഴിഞ്ഞ വർഷം മേയിലാണ് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് - ഒ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള പിഎസ്‌എൽവി - സി 61 ദൗത്യം പരാജയപ്പെട്ടത്. ഇന്നത്തേതിന് സമാനമായി വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിൽ തന്നെയാണ് അന്നും പ്രശ്‌നം നേരിട്ടത്. സോളിഡ് മോട്ടോർ ചേംബർ മർദത്തിൽ അസാധാരണമായ കുറവുണ്ടായതാണ് അന്ന് ദൗത്യം പരാജയപ്പെടാൻ കാരണമായത്.
ഭൗമനിരീക്ഷണത്തിനായുള്ള 'അന്വേഷ' ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് പിഎസ്‌എൽവി സി 62 ദൗത്യത്തിലൂടെ ബഹിരാകാശത്ത് എത്തേണ്ടിയിരുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് രാവിലെ 10.17നാണ് പിഎസ്‌എൽവി സി 62 വിക്ഷേപിച്ചത്.
'അന്വേഷ' തന്നെയായിരുന്നു ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയ്‌ക്ക് (ഡിആർഡിഒ) ഉപയോഗിക്കാനുള്ളതായിരുന്നു. 511 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന അന്വേഷണയുടെ വിശദാംശങ്ങൾ ഐഎസ്‌ആർഒ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ളവയാണ് അന്വേഷയ്‌ക്ക് പുറമേയുള്ള മറ്റ് ഉപഗ്രഹങ്ങൾ. ഐഎസ്‌ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് മുഖേനെയാണ് ഈ കൃത്രിമോപഗ്രഹങ്ങൾ വിക്ഷേപണത്തിനെത്തിയത്. സ്‌പാനിഷ് സ്റ്റാർട്ടപ്പിന്റെ റീ എൻട്രി ക്യാപ്‌സ്യൂളും ഇന്നത്തെ വിക്ഷേപണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ബഹിരാകാശത്ത് നിന്ന് കുറഞ്ഞ ചെലവിൽ ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള പുതിയൊരു സാങ്കേതികവിദ്യയുടെ പരീക്ഷണത്തിനായാണ് കിഡ് എന്ന റീ എൻട്രി ക്യാപ്‌സ്യൂൾ അയക്കുന്നത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂറിനകം ക്യാപ്‌സ്യൂൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുകയും ദക്ഷിണ പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിക്കുകയും ചെയ്യും.