ആർഎസി ഇല്ല; വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്കുകൾ പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് പ്രസിദ്ധീകരിച്ച് ഇന്ത്യൻ റെയിൽവേ. ആർ എ സിയും വെയ്റ്റിംഗ് ലിസ്റ്റും ഉണ്ടാകില്ല. തേർഡ് എസിക്ക് 960 രൂപയാണ് ഏറ്റവും കുറഞ്ഞനിരക്ക്. സെക്കൻഡ് എസിക്ക് 1240 രൂപയും നൽകണം. ഫസ്റ്റ് എസിക്ക് 1520 രൂപയാണ് നിരക്ക്.
പുതുവർഷ സമ്മാനമെന്ന നിലയിൽ കൊൽക്കത്ത - ഗുവാഹത്തി റൂട്ടിലാണ് ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ക്ലാസ് ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ട്രെയിനിന്റെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.
'യാത്രക്കാരിൽ നിന്ന് തേർഡ് എസിക്ക് കിലോമീറ്ററിന് 2.4 രൂപയും, സെക്കൻഡ് എസിക്ക് കിലോമീറ്ററിന് 3.1 രൂപയും, ഫസ്റ്റ് എസിക്ക് കിലോമീറ്ററിന് 3.8 രൂപയും ഈടാക്കും. അതിനാൽ, 400 കിലോമീറ്റർ വരെ ദൂരമുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 3തേർഡ് എസിക്കുള്ള 960 രൂപയും, സെക്കൻഡ് എസിക്ക് 1,240 രൂപയും, ഫസ്റ്റ് എസിക്ക് 1,520 രൂപയുമായിരിക്കും. ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രത്യേകം ഈടാക്കും.'- അധികൃതർ അറിയിച്ചു.
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ടിക്കറ്റുകളുടെ നിരക്ക് നിലവിലുള്ള രാജധാനി എക്‌സ്‌പ്രസ് പോലുള്ള പ്രീമിയം ട്രെയിനുകളേക്കാൾ അല്പം കൂടുതലാണ്. കൂടാതെ മറ്റ് പല ട്രെയിനുകളിലും 400 കിലോമീറ്റർ ദൂരത്തിന് ഈടാക്കുന്നതിന് തുല്യമായിരിക്കും ഇതിന്റെ കുറഞ്ഞനിരക്ക്.
മറ്റ് എക്‌സ്‌പ്രസ് ട്രെയിനുകളിലെ എസി ക്ലാസിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ വന്ദേഭാരതിൽ സ്വീകരിക്കില്ല. ആർഎസി പ്രകാരം, രണ്ട് യാത്രക്കാർക്ക് ഒരു സൈഡ് ലോവർ ബെർത്ത് പങ്കിടാൻ അനുവാദമുണ്ട്. മറ്റ് ട്രെയിനുകളെപ്പോലെ വന്ദേ ഭാരത് സ്ലീപ്പറിലും ജീവനക്കാർക്കുള്ള ഡ്യൂട്ടി പാസ് ക്വാട്ടയ്ക്ക് പുറമേ സ്ത്രീകൾ, വികലാംഗർ, മുതിർന്ന പൗരന്മാർ എന്നിവർക്കായി ക്വാട്ട ഉണ്ടായിരിക്കും.