വെണ്ടയ്ക്ക വീട്ടിലുണ്ടോ? ഒരു കലം ചോറുണ്ണാൻ ഇത് മാത്രം മതി

Monday 12 January 2026 2:07 PM IST

ഊണിനൊപ്പം എന്ത് കറി ഉണ്ടാക്കുമെന്നാണോ ആലോചിക്കുന്നത്? എന്നാൽ വെണ്ടയ്ക്ക കിച്ചടിയായാലോ? കുട്ടികൾക്കും ചെറുപ്പക്കാർക്കും ഒരുപോലെ ഈ കിച്ചടി ഇഷ്ടപ്പെടും. വളരെ എളുപ്പത്തിൽ എങ്ങനെ വെണ്ടയ്ക്ക കിച്ചടി തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

  1. വെണ്ടയ്ക്ക - 12 വെണ്ടയ്ക്ക വട്ടത്തിൽ അരിഞ്ഞത്
  2. തേങ്ങ - ഒന്നരക്കപ്പ്
  3. തൈര് - ഒന്നരക്കപ്പ്
  4. ജീരകം - രണ്ട് ടീ‌സ്പൂൺ
  5. ഇഞ്ചി - ഒരു കഷ്ണം
  6. കടുക് - ഒരു ടീസ്പൂൺ
  7. പച്ചമുളക് - രണ്ട്
  8. ഉപ്പ് - ആവശ്യത്തിന്
  9. വറ്റൽ മുളക്
  10. വെളിച്ചെണ്ണ
  11. കടുക്
  12. കറിവേപ്പില

തയ്യാറാക്കുന്ന വിധം

ആദ്യം അരിഞ്ഞുവച്ചിരിക്കുന്ന വെണ്ടയ്ക്കയിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക. ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് ഈ വെണ്ടയ്ക്ക ഇട്ട് വറുത്തുകോരി മാറ്റി വയ്ക്കുക. ശേഷം തേങ്ങ, പച്ചമുളക്, ഇഞ്ചി, ജീരകം തെെര് എന്നിവ ചേർത്ത് വെള്ളം ഒഴിക്കാതെ അരച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റി ബാക്കിയുള്ള തെെരും വറുത്തുവച്ച വെണ്ടയ്ക്കയും അൽപം ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് കടുക്, വറ്റൽ മുളക്, വേപ്പില താളിച്ച് ചേർക്കാം. നല്ല കിടിലൻ വെണ്ടയ്ക്ക കിച്ചടി റെഡി.