'നൂറ്  മുസ്‌‌ലീം  പള്ളികൾ  ഉണ്ടെന്നുപറഞ്ഞ്  പുതിയതൊന്നിന്  അനുമതി  നിഷേധിക്കാൻ  എങ്ങനെ  കഴിയും'; സുപ്രീം കോടതി

Monday 12 January 2026 2:44 PM IST

കൊച്ചി: നിലമ്പൂരിൽ പുതിയ മുസ്‌‌ലീം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ വിമർശനവുമായി സുപ്രീം കോടതി. നൂറ് മുസ്‌‌ലീം പള്ളികൾ ഉണ്ടെന്നുപറഞ്ഞ് പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാൻ എങ്ങനെ കഴിയുമെന്ന് സുപ്രീം കോടതി ചോദിച്ചു. ഇത്തരത്തിൽ അനുമതി നിഷേധിക്കുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചു. കേരള ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസ് ജെ ബി പർദിവാല അദ്ധ്യക്ഷനായ ബെഞ്ചാണ് ചോദ്യമുന്നയിച്ചത്.

നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ അനുമതി തേടി നൂറുൽ ഇസ്‌‌ലാം സാംസ്‌കാരിക സംഘം നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹർജിയിൽ കോടതി നോട്ടീസ് അയക്കുകയും ചെയ്തു. വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാനുള്ള അപേക്ഷ ജില്ലാ കളക്‌ടർ തള്ളിയിരുന്നു. കെട്ടിടമിരിക്കുന്ന പ്രദേശത്ത് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 മുസ്‌ലീം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. തുടർന്ന് നൂറുൽ ഇസ്‌‌ലാം സാംസ്‌കാരിക സംഘം ഹൈക്കോടതിയെ സമീപിച്ചെങ്കിലും കളക്‌ടറുടെ നിലപാട് ശരിവയ്ക്കുകയാണ് ചെയ്തത്. പിന്നാലെയാണ് സംഘടന സുപ്രീം കോടതിയിലെത്തിയത്.