'പിഷാര‌ടിയെ ഒറ്റക്കാര്യത്തിൽ ഉപദേശിച്ചിട്ടുണ്ട്; തിരുവനന്തപുരത്തെ മുൻമേയറുടെ അഹങ്കാരം കണ്ടതല്ലേ?'

Monday 12 January 2026 3:30 PM IST

മലയാള സിനിമാരംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ സജീവമായി നിൽക്കുന്ന നടനാണ് ധർമ്മജൻ ബോൾഗാട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബാലുശേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ധർമ്മജൻ മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇപ്പോഴിതാ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയിരിക്കുകയാണ്. നടൻ രമേശ് പിഷാരടി മത്സരിക്കുമെന്ന വാർത്തയിലും ധർമ്മജൻ പ്രതികരിച്ചിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷൻ ബിജെപി ഭരണത്തിലെത്തിയതിനെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

'തമിഴ്നാട്ടിൽ താരങ്ങളെ കണ്ട് വോട്ട് ചെയ്യുന്ന ഒരുരീതിയുണ്ട്. അത് കേരളത്തിൽ നടക്കില്ല.ഞാൻ തിരഞ്ഞെടുപ്പിന് നിന്ന സമയത്താണ് രമേശ് പിഷാരടിയും രാഷ്ട്രീയത്തിലേക്ക് വരുന്നത്. രമേശ് പിഷാരടി മത്സരിച്ചാൽ വിജയസാദ്ധ്യത കൂടുതലാണ്. തിരഞ്ഞെടുപ്പിന് ഒരുപാട് ചെലവും കാര്യങ്ങളൊക്കെയുണ്ട്. അതുകൊണ്ട് ഇത്തവണ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്തൊക്കെ പറഞ്ഞാലും തിരഞ്ഞെടുപ്പിന് നല്ലരീതിയിൽ പണമിറക്കേണ്ടിവരും. ഞാൻ മത്സരിച്ചപ്പോൾ എനിക്ക് പണം ചെലവാക്കേണ്ടി വന്നില്ല. രമേശ് ചെന്നിത്തലയും ചാണ്ടി ഉമ്മനും കെ സി വേണുഗോപാലും സഹായിച്ചു.

കേരളത്തിൽ അടുത്ത തവണ കോൺഗ്രസായിരിക്കും വരുന്നത്. ഇത്തവണ കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യരായ ഒരുപാടുകളുണ്ട്. തമ്മിലടിക്കാതിരുന്നാൽ ഇത്തവണ വൻഭൂരിപക്ഷത്തോടെ യുഡിഎഫിന് വിജയിക്കാൻ കഴിയും. എൽഡിഎഫ് ഒരു വികസനപ്രവർത്തനവും ചെയ്തിട്ടില്ലെന്നയെന്നതിന്റെ തെളിവാണ് തിരുവനന്തപുരം ബിജെപിക്ക് കിട്ടിയത്. തിരുവനന്തപുരം മുൻമേയറിന്റെ അഹങ്കാരം ജനങ്ങൾ നേരിട്ട് കണ്ടതാണ്. എന്തിന്റെയൊക്കെയോ മുകളിലെത്തിയെന്ന ഭാവമായിരുന്നു. അവരുടെ ഭർത്താവ് എന്റെ എതിർസ്ഥാനത്തിയായിരുന്നു. അവരുടെ അഹങ്കാരം തിരിച്ചടിയായിട്ടുണ്ട്.

പിഷാരടി അത്യാവശ്യം അറിവുള്ളയാളാണ്. കോമഡിയല്ല രാഷ്ട്രീയം. അത് പഠിക്കേണ്ടതുണ്ട്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്. പൈസ കരുതിവച്ചോയെന്ന ഉപദേശമാണ് ഞാൻ അവന് കൊടുത്തത്. ദിലീപിനെ പിന്തുണച്ചതിൽ എനിക്കും കുടുംബത്തിനുമെതിരെ ഒരുപാട് പ്രചാരണങ്ങൾ നടത്തി. സ്വർണകള്ളക്കടത്തുക്കേസിലൊക്കെ എന്നെ പ്രതിയാക്കാൻ ശ്രമിച്ചു. എന്നെ ചോദ്യം ചെയ്യാനൊക്കെ വിളിച്ചുവരുത്തിയിരുന്നു'- ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു.