വിവാഹം ഗുരുവായൂരമ്പലനടയിലാണോ? എന്നാൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Monday 12 January 2026 3:38 PM IST

ഏതൊരു വ്യക്തിയെയും സംബന്ധിച്ച് വിവാഹമെന്ന് പറയുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. തങ്ങളുടെ വിവാഹം ഗുരുവായൂർ അമ്പലനടയിൽ നടത്താനാണ് പലരും ആഗ്രഹിക്കുന്നത്. ഇപ്പോൾ പല പ്രമുഖരും ഇവിടെ വച്ച് വിവാഹിതരാകാറുണ്ട്. എന്താണ് വിവാഹം എന്ന് പറയുമ്പോൾ എല്ലാവരും ഗുരുവായൂർ ക്ഷേത്രം തിരിഞ്ഞെടുക്കുന്നതെന്ന് അറിയാമോ? അതിന് പിന്നാൽ ഒരു കാരണമുണ്ട്.

ഹിന്ദുമതവിശ്വാസികൾക്ക് ഏറെ പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലെന്നാണ് ഗുരുവായൂർ ക്ഷേത്രം. ഇവിടെവച്ച് താലി ചാർത്തുന്നത് ദീർഘമംഗല്യത്തിനും സന്തോഷകരമായ ദാമ്പത്യജീവിതത്തിനും സഹായിക്കുമെന്നാണ് വിശ്വാസം. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഗുരുവായൂരപ്പന് മുന്നിൽ പരസ്പരം തുളസിമാലയിടുന്ന ദമ്പതികളുമുണ്ട്.

വിശ്വാസത്തിന് പിന്നാൽ

ഗുരുവായൂരപ്പന് മുന്നിൽ ഹാരമണിയുന്നവർ പിരിയാതിരിക്കാൻ ഭഗവാൻ ശ്രമിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. കൂടാതെ ഇവിടെ വിവാഹം ചെയ്യുന്നവർക്ക് മുഹൂർത്തം ഒരു പ്രശ്നമല്ല. വിവാഹത്തിന് ശുഭകരമല്ലെന്ന് പറയുന്ന ദിവസങ്ങളിൽ പോലും ഇവിടെ വിവാഹം നടക്കാറുണ്ട്. രാവിലെ അഞ്ച് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഏത് സമയത്തും ഇവിടെ വിവാഹം നടത്താം. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വച്ചാണ് വിവാഹം നടക്കുന്നത്. അതിനായി പ്രത്യേക കല്യാണമണ്ഡപങ്ങളും ഇവിടെയുണ്ട്.

വിവാഹം ബുക്ക് ചെയ്യാൻ

വിവാഹത്തിന് ബുക്ക് ചെയ്യാൻ ഗുരുവായൂർ ദേവസ്വവുമായി നേരിട്ട് ബന്ധപ്പെടണം. വധൂവരന്മാരുടെ പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ ഇവിടെ ഹാജരാക്കേണ്ടതാണ്. പാരമ്പരാഗരീതിയിലുള്ള വസ്ത്രധാരണം വിവാഹസമയത്ത് നിർബന്ധമാണ്. ചടങ്ങുകൾ കഴിഞ്ഞാൽ ഉടൻ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതിയില്ല.