പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ചു; ശിക്ഷ താക്കീത് മതിയെന്ന് കരഞ്ഞുപറഞ്ഞ് ഇന്ത്യൻ വിദ്യാർത്ഥി

Monday 12 January 2026 3:40 PM IST

ലണ്ടൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഓൺലൈനിലൂടെ അശ്ലീല സന്ദേശമയച്ചതിന് യുകെയിൽ ഇന്ത്യൻ വിദ്യാർത്ഥി അറസ്‌റ്റിൽ. ഗുരീത് ജിതേഷ് എന്ന ഇന്ത്യക്കാരനാണ് യുകെയിലെ കവൻട്രി റെയ്‌ഡ് ലെയ്‌നിലെ താമസസ്ഥലത്തുനിന്നും അറസ്റ്റിലായത്. ഇയാൾ യുകെയിൽ എത്തിയിട്ട് മൂന്ന് മാസം കഴിയുന്നതേയുള്ളു.

14 വയസിൽ താഴെയുള്ള പെൺകുട്ടിയുമായാണ് ഗുരീത് അശ്ലീല ചാറ്റ് നടത്തിയത്. സംഭവത്തെ തുടർന്ന് ഇയാളെ സ്‌റ്റുഡന്റ് ഹൗസിൽ നിന്ന് പുറത്താക്കി. ഗുരീതിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായി. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് യുവാവ് ക്ഷമ ചോദിക്കുന്നതും ഒരു വാണിങ് (മുന്നറിയിപ്പ്) തന്ന് പറഞ്ഞുവിട്ടുകൂടെ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇനി ഒരിക്കലും ഇത്തരത്തിൽ പ്രവർത്തിക്കില്ലെന്നും താൻ ചെയ്‌തത് നിയമവിരുദ്ധമായ പ്രവർത്തിയാണെന്ന് അറിയില്ലെന്നുമാണ് യുവാവ് പറഞ്ഞത്. എന്നാൽ വൈകിപ്പോയ സാഹചര്യത്തിൽ വാണിങ്ങിന് പ്രസക്തിയില്ലെന്ന് ഉദ്യോഗസ്ഥർക്ക് ഒപ്പമുണ്ടായിരുന്ന ഒരാൾ പറയുന്നുണ്ട്. കൂടാതെ കുട്ടിക്ക് 14 വയസ് മാത്രമെയുള്ളുവെന്ന് യുവാവിനോട് നേരത്തെ വ്യക്തമാക്കിയിരുന്നതായാണ് വിവരം. താൻ കുട്ടിയെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്ന് യുവാവ് പറഞ്ഞപ്പോൾ അത് തങ്ങൾക്ക് അറിയാമെന്നും ഓൺലൈൻ ഗ്രൂമിംഗിന്റെ പേരിലാണ് അറസ്റ്റെന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്.

യുകെയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികൾക്കുണ്ടാകുന്ന ലൈംഗിക ചൂഷണങ്ങൾ തടയാനായി ചൈൽഡ് പ്രൊട്ടക്ഷൻ വിജിലിന്റുമാർ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ സാദ്ധ്യതയുള്ളവരെ കണ്ടെത്താനാണ് ഇവർ ശ്രമിക്കുന്നത്. സ്വയം ഇറങ്ങിതിരിക്കുന്ന വ്യക്തികളും അനൗദ്യോഗിക ഗ്രൂപ്പുകളും ഇത്തരത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാരായി പ്രവർത്തിക്കുന്നുണ്ട്.