കല്ലറയിൽ സ്റ്റേഡിയം റെഡി, കായിക പ്രേമികളുടെ സ്വപ്നം പൂവണിയുന്നു
കല്ലറ: കല്ലറക്കാരുടെ ദീർഘകാലാവശ്യമായിരുന്ന ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയം ഇനി യാഥാർത്ഥ്യത്തിലേക്ക്. സർക്കാർ,എം.എൽ.എ പ്ലാൻ ഫണ്ടിൽ 50 ലക്ഷം രൂപ വീതം അനുവദിച്ച് ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 14ന് മന്ത്രി അബ്ദുൽ റഹ്മാൻ നിർവഹിക്കും.1990ലാണ് കല്ലറ പഞ്ചായത്തിലെ തണ്ണിയത്ത് ഒരേക്കർ ഭാഗത്ത് സ്റ്റേഡിയം നിർമ്മിച്ചത്. അന്നുമുതലുള്ള ആവശ്യമായിരുന്നു ആധുനിക സൗകര്യങ്ങളുള്ള ഒരു സ്റ്റേഡിയം വേണമെന്നത്.കല്ലറ,പാങ്ങോട്,കുമ്മിൾ,മുതുവിള,പരപ്പിൽ,ചെറുവാളം സ്ഥലങ്ങളിലുള്ള ആയിരക്കണക്കിനു പേരാണ് ഇവിടെ വന്ന് പരിശീലനം നടത്തി,വിവിധ സേനകളിൽ ജോലിയിൽ കയറിയത്.
സ്റ്റേഡിയം ശരിയായ രീതിയിൽ പരിചരിക്കാതായതോടെ ഇവിടം ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി. പരിശീലനത്തിനായി ആളുകൾ സ്വകാര്യ ടർഫുകളെയും മറ്റ് സ്ഥലങ്ങളിലെ സ്റ്റേഡിയങ്ങളേയും ആശ്രയിച്ചു തുടങ്ങി.
പോരായ്മയ്ക്ക് പരിഹാരം
പലപ്പോഴും ഫുട്‌ബാളും ക്രിക്കറ്റുമൊക്കെ കളിക്കുമ്പോൾ ബാളുകൾ റോഡിലേക്ക് തെറിച്ചു വീഴുകയും വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തിരുന്നു.ലോംഗ്ജംമ്പ്,ഹൈജംമ്പ് എന്നിവയ്ക്ക് മണൽ ചാക്കുകൾ കൂട്ടിയിട്ടാണ് പിറ്റുണ്ടാക്കിയിരുന്നത്. നല്ലൊരു സ്റ്റേഡിയം വേണമെന്ന ആവശ്യം ശക്തമായതോടെയാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ഫണ്ട് അനുവദിച്ച് പണി തുടങ്ങിയത്. ക്രിക്കറ്റ്,വോളിബാൾ എന്നിവ കളിക്കാനുള്ള സൗകര്യം,ഗ്യാലറി,സ്ട്രീറ്റ് ലൈറ്റുകൾ,ടോയ്‌ലെറ്റ്,കുടിവെള്ള സൗകര്യം,നടക്കുന്നതിനുള്ള സൗകര്യം തുടങ്ങി എല്ലാത്തരത്തിലുള്ള ആധുനിക സൗകര്യങ്ങളും പുതിതായി നിർമ്മിക്കുന്ന സ്റ്റേഡിയത്തിലുണ്ട്.
കല്ലറ പഞ്ചായത്ത് സ്റ്റേഡിയം വരുന്നതോടെ പ്രദേശത്തെ യുവാക്കൾക്കും കായിക പ്രേമികൾക്കും പുത്തൻ ഉണർവാകും.യൂണിഫോം ജോലിക്കാവശ്യമായ കായിക പരീശീലനത്തിനും ഇനി സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരില്ല.
ഡി.കെ.മുരളി എം.എൽ.എ
ഫോട്ടോ: പുതിയതായി നിർമിച്ച കല്ലറ സ്റ്റേഡിയം