ജമ്മുകാശ്മീരും ലഡാക്കും കേവലം തുണ്ടുഭൂമിയല്ല, രാജ്യത്തിന്റെ കിരീടമാണെന്ന് നരേന്ദ്രമോദി
മുംബയ് : ജമ്മു കാശ്മീരും ലഡാക്കും രാജ്യത്തിന്റെ കിരീടമാണെന്നും കേവലമൊരു തുണ്ടുഭൂമിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ജാൽഗണിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുൻപ് 70 വർഷമായി ജമ്മു കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ വാത്മീകി സമുദായക്കാർ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും ഇല്ലാത്തവരായിരുന്നു. നമ്മുടെ സഹോദരങ്ങളെ ചേർത്തുപിടിക്കാൻ ഭാഗ്യം ലഭിച്ചതിന് വാത്മീകിക്കു മുൻപിൽ തലകുമ്പിടുന്നുവെന്ന് മോദി പറഞ്ഞു.. സുരക്ഷാ സംബന്ധമായ ആവശ്യങ്ങൾ പരിഗണിച്ച് ചില നടപടികളെടുത്തുവെന്നും കാശ്മീരിലേയും ചുറ്റുപാടുകളിലേയും എല്ലാ പ്രതിലോമ ശക്തികൾക്കുമിടയിലും പ്രദേശത്തെ സാധാരണ നിലയിലേക്കെത്തിക്കാൻ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.