വന്ദേഭാരത് സ്ലീപ്പർ: തേ‌ർഡ് എ.സി കുറഞ്ഞ നിരക്ക് 960 രൂപ, വെയിറ്റിംഗ് ലിസ്റ്റ്, ആർ.എ.സി ഇല്ല

Tuesday 13 January 2026 12:00 AM IST

ന്യൂഡൽഹി: രാത്രികാല ദീർഘദൂര യാത്രയ്ക്കുള്ള പുതിയ വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 400 കിലോമീറ്റർ വരെ കുറഞ്ഞ നിരക്ക് തേ‌ർഡ് എ.സിക്ക് 960 രൂപ. സെക്കൻഡ് എ.സിക്ക് 1,240,​ ഫസ്റ്റ് എ.സിക്ക് 1,520 രൂപ. ജി.എസ്.ടി നിരക്ക് കൂടാതെയാണിത്. തേർഡ് എ.സി കിലോമീറ്ററിന് 2.4 രൂപ, സെക്കൻഡ് എ.സി കിലോമീറ്ററിന് 3.1 രൂപ, ഫസ്റ്റ് എ.സി കിലോമീറ്ററിന് 3.8 രൂപയുമായിരിക്കും.

സ്ളീപ്പറിൽ വി.ഐ.പി ക്വാട്ട (ഇക്യു ക്വാട്ട)​,​ ഉന്നത റെയിൽവേ ഉദ്യോഗസ്ഥർക്കുള്ള പാസ് എന്നിവ അനുവദിക്കില്ല. കൺഫേം ടിക്കറ്റുകൾ മാത്രമേ നൽകൂ. വെയിറ്റിംഗ് ലിസ്റ്റ്, ആർ.എ.സി ഉണ്ടാകില്ല.

ടിക്കറ്റ് ബുക്കിംഗിൽ വനിത, ഭിന്നശേഷി, മുതിർന്ന പൗരൻമാർ എന്നിവർക്കുള്ള ക്വാട്ട തുടരും. ജീവനക്കാർക്ക് ഡ്യൂട്ടി പാസ് ക്വാട്ടയുമുണ്ടാകും.

ഒാരോ പ്രദേശത്തെയും ഭക്ഷണ വിഭവങ്ങളാകും മെനുവിൽ ഉൾപ്പെടുത്തുക. ബർത്തുകളിൽ മികച്ച നിലവാരമുള്ള ബെഡ്‌റോൾ നൽകും. ജീവനക്കാർക്ക് പ്രത്യേക യൂണിഫോം. ട്രെയിനിന് 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുമെങ്കിലും സുരക്ഷാ കാരണങ്ങളാൽ 130 കിലോമീറ്ററിലാകും ഓടിക്കുക. രാജധാനി ട്രെയിനുകളുടെ വേഗത മണിക്കൂറിൽ ശരാശരി 80-90 കിലോമീറ്ററാണ്.

ആദ്യ സ്ളീപ്പർ

അടുത്തയാഴ്ച

പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്ന് അസാമിലെ ഗുവാഹത്തിയിലേക്കുള്ള ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ അടുത്തയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഒഫ് ചെയ്യും. ഹൗറ-ഗുവാഹത്തി 1,000 കിലോമീറ്റർ ദൂരത്തിന് തേർഡ് എ.സി 2,400 രൂപ,​ സെക്കൻഡ് എ.സി 3,100, ഫസ്റ്റ് എ.സി 3,800 രൂപ എന്നിങ്ങനെയായിരിക്കും നിരക്ക്.