മകന്റെ ഭാര്യയെ കഴുത്തിന് വെട്ടിപരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
പറവൂർ: വാക്കുതർക്കത്തിനിടെ മകന്റെ ഭാര്യയെ വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ച കിഴക്കേപ്രം വെയർഹൗസിന് സമീപം പൊന്നേടത്ത് വീട്ടിൽ രാജനെ (74) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകൻ ജിയേഷിന്റെ ഭാര്യ അനൂപയ്ക്കാണ് (34) വെട്ടേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ജിയേഷ് പുറത്തുപോയ സമയത്ത് മുറിയിൽ ഫോൺ ചെയ്യുകയായിരുന്ന അനൂപയെ രാജൻ മർദ്ദിക്കുകയും വാക്കത്തിക്ക് വെട്ടുകയുമായിരുന്നു. ചെവിയുടെ ഭാഗത്തും മുഖത്തും മർദ്ദനമേറ്റിട്ടുണ്ട്. പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനൂപയുടെ മുറിവ് ഗുരുതരമല്ല. ജിയേഷുമായുള്ള കുടുംബ പ്രശ്നത്തെ തുടർന്ന് കോടതി ഉത്തരവ് സമ്പാദിച്ചാണ് അനൂപ ഭർതൃവീട്ടിൽ താമസിക്കുന്നത്. സംഭവ ശേഷം വീട്ടിൽ നിന്ന് പിടികൂടിയ രാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചെറായി തുണ്ടത്തുംകടവ് പരേതനായ വിൽസന്റെയും സരോജിനിയുടെ മകളാണ് അനൂപ.