ചിരിക്കാലം വീണ്ടും വരും

Tuesday 13 January 2026 12:57 AM IST

'റാംജിറാവ് സ്പീക്കിംഗ്" റിലീസായ കാലം. ഇന്നസെന്റും ഭാര്യ ആലീസും കൂടി തൃശൂരിൽ സിനിമയ്ക്കു കയറി. സിനിമ കണ്ട് കാണികൾ കസേരയിൽ കയറിനിന്ന് ചിരിക്കുകയാണ്. ചിരിയുടെ തിരമാലകൾക്കു നടുവിൽ ഒരാൾമാത്രം ചിരിക്കാതെ ഇരിക്കുന്നുണ്ടായിരുന്നു. ഇന്നസെന്റായിരുന്നു അത്. ''ചിരിക്കുപകരം എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകിക്കൊണ്ടേയിരുന്നു. ഇതിനാണല്ലോ ദൈവമേ ഞാൻ ഇത്രനാൾ അലഞ്ഞത്. പട്ടിണി കിടന്നത്. ഉടുതുണിക്ക് മറുതുണിയില്ലാതെ ഒളിച്ചിരുന്നത്. ഭ്രാന്തിന്റെ വക്കോളം ചെന്നെത്തിയത്. അതോർത്തപ്പോൾ ആ ഇരുട്ടിൽ, അട്ടഹാസത്തിനും ചിരികൾക്കും നടുവിൽ ഇരുന്ന് ഞാൻ തേങ്ങിക്കരഞ്ഞുപോയി. ആഘോഷത്തിനിടയിൽ പക്ഷേ, ആരും അത് കണ്ടില്ല.""- 'ചിരിക്കു പിന്നിൽ" എന്ന അദ്ദേഹത്തിന്റെ ആത്മകഥയിൽ അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്. നമ്മളെ ചിരിപ്പിക്കുന്ന ഓരോ കോമഡി നടന്റേയും ഫ്ലാഷ് ബാക്കിൽ കണ്ണീരിന്റ നനവ് പടർന്നിട്ടുണ്ടാകും. കലാഭവൻ മണി, സലിംകുമാർ തുടങ്ങിയവർ അതൊക്ക തുറന്നു പറഞ്ഞിട്ടുമുണ്ട്. ജീവിതത്തിന്റെ യാഥാർത്ഥ്യത്തിൽ പദമൂന്നിക്കൊണ്ടാണ് എല്ലാവരും നമ്മളെ ചിരിപ്പിച്ചത്.

ഹാസ്യത്തിന് അവസാനം കുറിക്കാനാകില്ല. ഒരു സംഘം അഭിനേതാക്കൾ സൃഷ്ടിക്കുന്ന കോമഡി സിനിമകളുടെ ട്രെൻഡാണ് ഒടുവിലായി ഉണ്ടായിരുന്നത്. റാംജിറാവു സ്പീക്കിംഗ്, ഇൻഹരിഹർ നഗർ... മുതലായ ചിത്രങ്ങൾ. അത്തരം കൂട്ടുകെട്ടിന്റെ ചിരിക്ക് ഇപ്പോഴും മലയാളത്തിൽ സ്ഥലമുണ്ട്.

ഹാസ്യരീതിയിൽ പൊളിച്ചെഴുത്ത് നടത്തിയ ശ്രീനിവാസനെപ്പോലെ പുതിയ എഴുത്തുകാർ രംഗത്ത് എത്തേണ്ടിയിരിക്കുന്നു. ചിരിയിലൂടെ പോസിറ്റീവായ ചിന്തകൾ കൂടി കടത്തിവിടുകയായിരുന്നു ശ്രീനിവാസൻ. അൽഫോൺസ് പുത്രന്റെ നിവിൻ പോളി ചിത്രം പ്രേമം, ദിലീഷ് പോത്തൻ -ഫഹദ് ഫാസിൽ ചിത്രങ്ങളായ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവയിലൊക്കെ സിറ്റുവേഷൻ കോമഡിയുടെ ശരിയായ ചേരുവകൾ കാണാം. കുമ്പളങ്ങി നൈറ്റ്സിൽ ''എന്തൊരു പ്രഹസനമാ സജീ""എന്ന ഒറ്റ ഡയലോഗ് മതി ചിരിക്കാൻ. ഇപ്പോൾ അണിയറയിൽ തയ്യാറായികൊണ്ടിരിക്കുന്ന പലചിത്രങ്ങളിലും ഹാസ്യം പാകത്തിലുണ്ടെന്നാണ് വിവരം. ചിരിക്കാലം വീണ്ടും വരും. വരാതിരിക്കാനാകില്ല.

വെല്ലുവിളികൾ പലവിധം

സ്വാഭാവിക ജീവിതത്തിൽ അസ്വഭാവികമല്ലാത്ത നർമ്മം സൃഷ്ടിച്ചാലെ പുതിയ തലമുറയ്ക്ക് ബോധിക്കൂ. സ്ലാപ്സ്റ്റിക്ക് സ്വഭാവമുള്ള കോമഡി സൃഷ്ടിച്ച് കാണികളെ ചിരിപ്പിക്കാൻ ഇപ്പോഴത്തെ കാലത്ത് പ്രയാസമാണ്. വെറും വേഷംകെട്ടലുളള പടങ്ങൾ പൊളിഞ്ഞുവീണിട്ടേ ഉള്ളൂ. ടി.വി ചാനലുകളിലെ ഹാസ്യ പരിപാടികൾ, യു ട്യൂബിലെ കോമഡി വെബ് സീരിയസുകളും റീലുകളും ട്രോളുകളുമെല്ലാം സിനിമയ്ക്ക് നർമ്മമുണ്ടാക്കുന്നവർക്ക് വെല്ലുവിളിയാണ്. 'ഇതുക്കും മേലെ" നിൽക്കുന്ന കോമഡി വേണം തിയേറ്ററിലെ പ്രേക്ഷകരെ ചിരിപ്പിക്കാൻ. പഴയകാലത്ത് സിനിമ ഒരുക്കിയവർക്ക് ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ല.

ഹാസ്യം ഇല്ലാതായിട്ടില്ല: ജഗദീഷ്

ഹാസ്യത്തിന് മാറ്റം വന്നിട്ടുണ്ടെന്നും ഹാസ്യം ഇല്ലാതായിട്ടില്ലെന്നും നടൻ ജഗദീഷ്

ഹൊറർ സിനിമകളുടെ ട്രെൻഡ് താൽക്കാലികമാണോ?

എല്ലാ കാലത്തും ഒരു സിനിമ വിജയിക്കുമ്പോൾ അതിന്റെ ചുവടുപിടിച്ച് മറ്റ് സിനിമകൾ ഉണ്ടാകും. നല്ലതാണെങ്കിൽ വിജയിക്കും. ഹാസ്യമായാലും ഹൊറർ ആയാലും പുതുമയാണ് പ്രേക്ഷകർക്ക് വേണ്ടത് ആ പുതുമ കൊടുത്താൽ വിജയിക്കും.

ഇന്നത്തെ കോ‌മഡിയിൽ വന്ന മാറ്റം എന്താണ്?

കാലത്തിന്റേതായ മാറ്റങ്ങൾ കോമഡിയിൽ വന്നിട്ടുണ്ട്. കോമഡി എന്നും ഉണ്ടാകും. ഇപ്പോൾ ഹാസ്യം കൈകാര്യം ചെയ്യുന്ന നടന്മാർക്ക് എല്ലാ വേഷവും ചെയ്യാനാകുമെന്ന് രാജ് കപൂർ, നാഗേഷ് ഉൾപ്പെടെയുള്ള പ്രഗത്ഭർ പറഞ്ഞത് ഞാനോർക്കുന്നു. സെൽഫോൺ കോമഡി 15 വർഷം മുമ്പുണ്ടായിരുന്നില്ല. അതുപോലെ ഇപ്പോൾ ലാൻഡ് ഫോൺ കോമഡി വർക്കാകില്ല. സമൂഹ്യ സാഹചര്യം മാറുന്നതിനുസരിച്ച് കോമഡിയും മാറി.

(അവസാനിച്ചു)

ഒരേ ഒരു ജഗതി (BOX)

ഏറ്റവും കൂടുതൽ മലയാള സിനിമകളിൽ അഭിനയിച്ച നടൻ. കോമഡിയിൽ അദ്ദേഹത്തെ വെല്ലാൻ ആരുണ്ടെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. നവരസങ്ങൾക്കു പുറമെ രസങ്ങൾ നാലെണ്ണം കൂടി സംഭാവന ചെയ്ത ജഗതി ശ്രീകുമാറിനു പകരം ജഗതി മാത്രം.

സിനിമ നന്നായില്ലെങ്കിലും ജഗതി നന്നായി എന്ന് ജനം പറഞ്ഞിരുന്ന നാല് ദശകങ്ങൾ.

2012 മാർച്ച് 10ന് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കു പറ്റിയതിനെത്തുടർന്നാണ് അമ്പിളിച്ചിരി ക്യാമറയ്ക്കു മുന്നിൽ ഉദിക്കാത്തത്. സി.ബി.ഐ ഡ‌യറിക്കുറിപ്പിന്റെ അഞ്ചാംഭാഗത്തിലും പരസ്യ ചിത്രത്തിലുമൊക്കെ എത്തിയെങ്കിലും പൂർണാരോഗ്യത്തോടെ ജഗതി തിരിച്ചെത്തിയാലേ പ്രേക്ഷകർക്ക് നിറഞ്ഞ് ചിരിക്കാനാകൂ. ആ പ്രതീക്ഷയിലാണ് പ്രേക്ഷക സമൂഹം.

ജഗതി എങ്ങനെയായിരിക്കും അഭിനയിക്കുക എന്നത് ക്യാമറയ്ക്കു മുന്നിൽ ഒപ്പമുള്ളവർക്കും പോലും പ്രവചിക്കാനാവാറില്ല. ഓടിനട

ന്ന് അഭിനയിക്കുമ്പോഴും കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞായിരുന്നു വേഷമിട്ടിരുന്നത്. അരശുംമൂട്ടിൽ അപ്പുക്കുട്ടൻ, കുമ്പിടി, പച്ചാളം ഭാസി.... എന്നിങ്ങനെ എത്രയോ വേഷങ്ങൾ.

ജഗതിയുടെ ചിരിഡയലോഗുകളിൽ ചിലാ സാമ്പിളുകൾ 'മുച്ഛെ മാലൂം... മുച്ഛെ മാലൂം,കുട്ടി മാമാ ഞാൻ ഞെട്ടി മാമ" (യോദ്ധ) 'പുരുഷു എന്നെ അനുഗ്രഹിക്കണം" (മീശമാധവൻ) 'ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്" (സി.ഐ.‌ഡി മൂസ).