പുതിയ നാടിനായുള്ള വികസന സങ്കൽപ്പം
രാജ്യത്തിനൊപ്പം വികസനത്തിൽ കേരളവും അതിവേഗത്തിൽ മുന്നേറുന്നതിന് ആവശ്യമായ സമഗ്ര വികസന വീക്ഷണമാണ് കേരളകൗമുദി സംഘടിപ്പിച്ച 'പുതിയ ഭാരതം, പുതിയ കേരളം" കോൺക്ളേവ് അവതരിപ്പിച്ചത്. രാജ്യത്തെ വിശ്വസ്തതയുടെ മാദ്ധ്യമ ശബ്‌ദമെന്ന് കേരളകൗമുദിയെ വിശേഷിപ്പിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോൺക്ളേവ് ഉദ്ഘാടനം ചെയ്തത്. അവഗണിക്കപ്പെട്ട സമൂഹത്തിലെ ജനവിഭാഗങ്ങളുടെ നീതിക്കുവേണ്ടി നിലകൊണ്ട് അവരുടെ നാവായി അനവരതം പ്രവർത്തിക്കുന്ന കേരളകൗമുദിയുടെ 114-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
വികസനത്തിനും പുരോഗതിക്കും വേണ്ടി വർഷങ്ങൾ കാത്തിരിക്കാൻ പഴയതുപോലെ ജനസമൂഹം ഒരുക്കമല്ല. വികസനത്തിന് മുൻതൂക്കം നൽകുന്ന രാഷ്ട്രീയത്തിൽ മാത്രമാണ് ഈ കാലഘട്ടത്തിൽ ജനങ്ങൾ താത്‌പര്യം കാണിക്കുന്നത്. ഇത് മനസിലാക്കി രാഷ്ട്രീയഭേദമന്യെ ഭരണകൂടങ്ങൾ പുതിയ നാട് നിർമ്മിക്കാനുള്ള വികസനത്തിനാവണം മുഖ്യ ശ്രദ്ധ പതിപ്പിക്കേണ്ടത് എന്ന വീക്ഷണമാണ് കോൺക്ളേവിൽ അദ്ധ്യക്ഷപ്രസംഗം നടത്തിയ ചീഫ് എഡിറ്റർ ദീപു രവി മുന്നോട്ടുവച്ചത്. ഈ ആശയത്തെ പിന്തുണച്ച കേന്ദ്ര ആഭ്യന്തരമന്ത്രി വികസിത കേരളത്തിനൊപ്പം സുരക്ഷിത കേരളവും ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. മതമോ വിഭാഗമോ പരിഗണിക്കാതെ എല്ലാവരുടെയും വിശ്വാസങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വികസന ഫലങ്ങൾ വേർതിരിവുകളില്ലാതെ എല്ലാ വിഭാഗം ജനങ്ങളിലും ഒന്നുപോലെ എത്തിക്കാനുള്ള ഫലവത്തായ അഴിമതിരഹിത നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ തുടരുന്നതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കിയത്. വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കാതെ കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ നിലകൊള്ളും. 2004 മുതൽ 2014 വരെ യു.പി.എ ഭരണകാലത്ത് 72,000 കോടി രൂപയാണ് കേരളത്തിന് ലഭിച്ചതെങ്കിൽ 2014 മുതൽ 2025 വരെ വികസനം നടപ്പാക്കാൻ 3.23 ലക്ഷം കോടിയാണ് നൽകിയത്. ഓരോ പൗരന്റെയും പങ്കാളിത്തത്തോടെയും എല്ലാ മേഖലകളും ഉൾക്കൊള്ളുന്നതും സമഗ്രവുമായ വികസന മാതൃകയാണ് നാടിന് വേണ്ടത്. അത് അഴിമതി ഇല്ലാത്തതായിരിക്കണമെന്നും പ്രസംഗത്തിൽ അമിത് ഷാ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ ആഗോള ശക്തിയായി രൂപാന്തരപ്പെടുത്താനുള്ള അതിതീവ്ര നടപടികളാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്നുവരുന്നതെന്ന് കോൺക്ളേവ് ചൂണ്ടിക്കാട്ടി. ദേശീയപാതകൾ, വിമാനത്താവളങ്ങൾ, റെയിൽവേ തുടങ്ങി അടിസ്ഥാന സൗകര്യരംഗത്ത് വൻ വികസനമാണ് നടന്നുവരുന്നത്. ആത്മനിർഭർ ഭാരത് വഴി പ്രതിരോധ മേഖലയിലെ സ്വയം പര്യാപ്‌തതയും ശക്തമാക്കി. രാജ്യത്തിനൊപ്പം കേരളവും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം പോലുള്ള പദ്ധതികൾ ലോക വ്യാപാര ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്താൻ പോന്നതാണ്. ഇതൊക്കെയാണെങ്കിലും ഇന്ത്യയും കേരളവും വികസന പാതയിൽ ഇന്നും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. അതിനെക്കുറിച്ച് മനസിലാക്കാനും അവ പരിഹരിക്കാനുമുള്ള ആശയങ്ങൾ ഉരുത്തിരിഞ്ഞ് വരേണ്ടത് ഇത്തരം കോൺക്ളേവുകളിലൂടെയാണ് എന്ന ഉദ്ദേശ്യമാണ് ഇത്തരം ഒരു സംഗമം സംഘടിപ്പിക്കാൻ കേരളകൗമുദിയെ പ്രേരിപ്പിച്ചത്. വികസിത കേരളം ലക്ഷ്യമാക്കി വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്യുന്നതിന് കേരളകൗമുദി കോൺക്ളേവുകളുടെ ഒരു പരമ്പര സംഘടിപ്പിക്കാൻ തന്നെ തീരുമാനിച്ചിട്ടുള്ളത് ബോധപൂർണമായ സംവാദങ്ങളിലൂടെ നാടിന്റെ ഭാവിയിലേക്കുള്ള കേരളകൗമുദിയുടെ അർത്ഥവത്തായ സംഭാവന തുടരുന്നതിന്റെ ഭാഗമായിട്ടാണ്.