എതിരാളികളെ പൂട്ടാൻ സി.ബി.ഐ വേണം

Tuesday 13 January 2026 12:06 AM IST

കൂട്ടിലടച്ച തത്തയെന്ന് ആക്ഷേപിച്ചിരുന്ന സി.ബി.ഐയെ, രാഷ്ട്രീയ എതിരാളികൾക്കെതിരേ പ്രയോഗിക്കാനൊരുങ്ങുന്ന സർക്കാർ നയം ചർച്ചയാവുന്നു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ താത്പര്യം നടപ്പാക്കുന്ന ഏജൻസിയാണെന്ന് തുറന്നടിച്ച് സി.ബി.ഐയോട് അപ്രിയം കാട്ടുകയായിരുന്നു ഇതുവരെ. പ്രതിപക്ഷനേതാവ് വി.ഡി സതീശനെ വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ ലംഘനക്കേസിൽ കുടുക്കാനാണ് ഇപ്പോൾ സി.ബി.ഐയെ തേടുന്നത്.‌ നേരത്തേ രാഷ്ട്രീയ ഉന്നതർക്കെതിരായ സോളാർ പീഡനക്കേസ് സി.ബി.ഐയ്ക്ക് വിട്ടെങ്കിലും കെട്ടിച്ചമച്ചതാണെന്ന് അ ന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പുകളിൽ ഏറെക്കാലം സംസ്ഥാന സർക്കാരിന്റെ വജ്രായുധമായിരുന്നു സോളാർ പീഡനക്കേസ്.

കോളിളക്കമുണ്ടാക്കിയ കേസുകളിൽ സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തെ കോടതിയിൽ എതിർക്കുകയായിരുന്നു സർക്കാർ ഇത്രയുംകാലം. കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ഭാര്യയുടെ ഹർജിയിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാടെടുത്തത്. ശബരിമല സ്വർണക്കൊള്ളയിലും സി.ബി.ഐ അന്വേഷണത്തെ എതിർത്തു. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിലെ സി.ബി.ഐ അന്വേഷണ ആവശ്യത്തെയും എതിർത്തെങ്കിലും ഹൈക്കോടതി സി.ബി.ഐയ്ക്ക് അന്വേഷണം കൈമാറി. എന്നിട്ടും രേഖകൾ സി.ബി.ഐയ്ക്ക് കൈമാറുന്നത് വൈകിപ്പിച്ചു. കോഴിക്കോട്ടെ മാമി തിരോധാനക്കേസ് പൊലീസ് ശുപാ‌ർശ ചെയ്തിട്ടും സി.ബി.ഐയ്ക്ക് വിടാൻ സർക്കാർ തയ്യാറായില്ല. കസ്റ്റഡിക്കൊല, അഴിമതിക്കേസുകളിൽ കുറ്റപത്രത്തിനും പ്രോസിക്യൂഷനും സി.ബി.ഐയ്ക്ക് സർക്കാർ അനുമതി നൽകുന്നുമില്ല.

നിലവിൽ സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കസ്റ്റഡിക്കൊല, അഴിമതി കേസുകളിൽ കുറ്റപത്രത്തിനും പ്രോസിക്യൂഷനും അനുമതി നൽകാതെ സി.ബി.ഐയ്ക്ക് പൂട്ടിടുകയാണ് സർക്കാർ. തിരുവല്ലം കസ്റ്റഡിമരണക്കേസിൽ സി.ഐയടക്കം മൂന്നു പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐ 3വട്ടം അനുമതി തേടി. 500 കോടിയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിൽ കശുഅണ്ടി വികസന കോർപറേഷൻ മുൻ എം.ഡി, ചെയർമാനടക്കമുള്ളവർക്കെതിരെ പ്രോസിക്യൂഷന് അനുമതിയില്ല.102 കോടി അഴിമതി നടന്ന മണ്ണുത്തി- അങ്കമാലി ദേശീയപാത നിർമ്മാണത്തിൽ എട്ട് എൻ.എച്ച് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം നൽകിയെങ്കിലും പ്രോസിക്യൂഷൻ അനുമതിയില്ല. കരിപ്പൂർ വിമാനത്താവളത്തിലെ 9കസ്റ്റംസുകാരുൾപ്പെട്ട 1.17കോടിയുടെ സ്വർണക്കടത്ത് കൈയോടെ പിടിച്ചെങ്കിലും കേസെടുക്കാനുള്ള അനുമതി നൽകിയില്ല. കേസെടുക്കാനുള്ള സി.ബി.ഐയുടെ ഭൂരിഭാഗം അപേക്ഷകളും സർക്കാർ നിരസിക്കുകയാണ്.

അതേസമയം, അന്തർസംസ്ഥാന ബന്ധമുള്ള നിക്ഷേപത്തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പോപ്പുലർ ഫിനാൻസ്, യുണിവേഴ്സൽ, ആർ-വൺ കേസുകൾ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽനിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സർക്കാർ നേരത്തേ വിജ്ഞാപനമിറക്കിയിരുന്നു. ബാങ്കിലെ ക്ലാർക്ക് വിജീഷാണ് തട്ടിപ്പ് നടത്തിയത്. പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് വിശദ അന്വേഷണത്തിനായി സി.ബി.ഐയ്ക്ക് കൈമാറിയത്. മൂന്നുകോടിക്ക് മുകളിലുള്ള, പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പ് സി.ബി.ഐയാണ് അന്വേഷിക്കാറുള്ളത്.

സ്വർണക്കൊള്ളയിൽ

തയ്യാറായി സി.ബി.ഐ

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ സി.ബി.ഐ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. സ്വർണപ്പാളികൾ വിദേശത്തേക്ക് കടത്തിയെന്നും ഉരുക്കിയെടുത്ത് അന്യസംസ്ഥാനങ്ങളിൽ വിറ്റെന്നുമടക്കം ആരോപണമുയരുന്നതിനാൽ ഫലപ്രദമായ അന്വേഷണത്തിന് സി.ബി.ഐയ്ക്കേ കഴിയൂ. ശ്രീകോവിലിൽ ഇപ്പോഴുള്ള സ്വർണപ്പാളികളുടെ കാലപ്പഴക്കം വി.എസ്.എസ്.സിയുടെ ലാബിൽ പരിശോധിക്കുകയാണ്. ഈ ഫലം കേസിൽ ഇനി നിർണായകമായിരിക്കും. ഒറിജിനൽ സ്വർണപ്പാളികൾ കടത്തിയശേഷം, ചെമ്പിൽ പുതിയതുണ്ടാക്കി സ്വർണംപൂശി തിരികെകൊണ്ടുവച്ചതാണോയെന്ന് നേരത്തേ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. സി.ബി.ഐ വന്നാൽ കൊള്ളയിൽ പങ്കുള്ള രാഷ്ട്രീയക്കാരടക്കം വൻതോക്കുകളെല്ലാം അകത്താവും. കള്ളപ്പണ,റിയൽഎസ്റ്രേറ്റ് ഇടപാടുകളും തെളിയും. കോടതി നിർദ്ദേശിച്ചാൽ കേസ് ഏറ്റെടുക്കാമെന്നാണ് സി.ബി.ഐയുടെ നിലപാട്. ഇന്റർപോളുമായി ചേർന്ന് വിദേശരാജ്യങ്ങളിലെ അന്വേഷണത്തിന് സി.ബി.ഐയ്ക്കേ കഴിയൂ. വിദേശത്തെ എംബസികളിൽ അറ്റാഷെമാരായുള്ള ഐ.പി.എസുകാർ വിവരശേഖരണത്തിനും അന്വേഷണത്തിനും സി.ബി.ഐയെ സഹായിക്കും. വിദേശത്തെ പൊലീസുകളുമായി ചേർന്ന് അറസ്റ്റിനും പ്രതികളെ നാട്ടിലെത്തിക്കാനുമെല്ലാം സി.ബി.ഐയ്ക്കാവും. അന്യസംസ്ഥാനങ്ങളിൽ നടന്ന ഗൂഢാലോചനയുടെ ചുരുളഴിക്കാനും കൊള്ളയടിച്ച സ്വർണം കണ്ടെടുക്കാനുമെല്ലാം കഴിയും.

കേസെടുക്കാനും

അനുമതിയില്ല

ലൈഫ്കോഴക്കേസിൽ കേസെടുത്തതിന് പിന്നാലെ, സി.ബി.ഐയ്ക്ക് സ്വന്തംനിലയിൽ കേസെടുത്ത് അന്വേഷിക്കാൻ മുൻകൂറായി നൽകിയിരുന്ന പൊതുഅനുമതി സർക്കാർ പിൻവലിച്ചിരുന്നു. ഓരോകേസിനും അനുമതി തേടേണ്ട സ്ഥിതിയാണ്.

ഡൽഹി സ്‌പെഷ്യൽപൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം സംസ്ഥാനങ്ങളിൽ അന്വേഷണം നടത്താൻ സി.ബി.ഐയ്ക്ക്‌ അതത്‌ സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം. സംസ്ഥാന ശുപാർശയുണ്ടെങ്കിലേ കേന്ദ്രത്തിനും സി.ബി.ഐയെ കേസന്വേഷണം ഏൽപ്പിക്കാനാവൂ.

വിമാനത്താവളങ്ങളിലെ സ്വർണക്കടത്ത് അടക്കം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തമുള്ള അഴിമതികളും അന്വേഷിക്കാനാവുന്നില്ല. കസ്റ്റഡി മരണക്കേസുകളിലും വമ്പൻ അഴിമതികളിലും പ്രോസിക്യൂഷൻ അനുമതിയും നൽകുന്നില്ല.