തരുൺമൂർത്തി ചിത്രം തൊടുപുഴയിൽ, ലാലിന്റെ നായിക മീര ജാസ്മിൻ തന്നെ
തുടരും എന്ന ബ്ളോക് ബസ്റ്ററിനുശേഷം മോഹൻലാലും തരുൺമൂർത്തിയും ഒരുമിക്കുന്ന ചിത്രത്തിൽ മീര ജാസ്മിൻ നായിക. മോഹൻലാലിനെയും മീര ജാസ്മിനെയും നായകനും നായികയുമാക്കി നവാഗതനായ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യാൻ നിശ്ചയിച്ചിരുന്ന പ്രോജക്ടാണിത്. ഓസ്റ്റിൻ പിൻമാറിയെങ്കിലും താരങ്ങളിൽ മാറ്റം ഇല്ല. ജനുവരി 23ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ പ്രകാശ് വർമ്മ, ഇർഷാദ് തുടങ്ങിയവരും താരനിരയിലുണ്ട്. മലയാളത്തിലെ സൂപ്പർഹിറ്റ് താര ജോഡികളാണ് മോഹൻലാലും മീര ജാസ്മിനും.
മോഹൻലാൽ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വത്തിൽ അതിഥി താരമായി മീര ജാസ്മിൻ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമസയം തുടരും സിനിമയുടെ ഛായാഗ്രാഹകൻ ഷാജി കുമാറും സംഗീത സംവിധായകൻ ജെക്സ് ബി ജോയ്‌യും തരുൺ മൂർത്തിയുമായി വീണ്ടും കൈകോർക്കുന്നു എന്ന പ്രത്യേകതയുണ്ട്.
രതീഷ് രവി രചന നിർവഹിക്കുന്ന ചിത്രത്തിൽ പൊലീസ് കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ബിനു പപ്പുവാണ് ക്രിയേറ്റീവ് ഡയറക്ടർ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിനുമായി മോഹൻലാൽ ഒരുമിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. പുതുവർഷത്തിൽ മോഹൻലാലിന്റെ ആദ്യ റിലീസ് പാട്രിയറ്റ് ആണ്. താരരാജക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും നീണ്ട 19 വർഷത്തിനുശേഷം ഒരുമിക്കുന്ന പാട്രിയറ്റ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്നു.