വയോധികയെ നടുറോഡിൽ വെട്ടിക്കൊന്നു; കൊലപാതകം കൊച്ചുമകന് ഉച്ചഭക്ഷണം നൽകി മടങ്ങവെ
ബംഗളൂരു: 55കാരിയെ നാട്ടുകാർ നോക്കിനിൽക്കെ നടുറോഡിൽ വെട്ടിക്കൊന്നു. ദാക്ഷായണി എന്ന സ്ത്രീയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെ വടക്കൻ ബംഗളൂരുവിലെ കുദുരുഗെരെയിൽ വച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്‌കൂളിൽ കൊച്ചുമകന് ഉച്ചഭക്ഷണം നൽകി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദാക്ഷായണി. ഈ സമയം ബൈക്കിലെത്തിയ അക്രമി റോഡിൽ വച്ച് ഇവരെ തടഞ്ഞുനിർത്തുകയും കൈയിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതി ഉടൻ തന്നെ ഓടിരക്ഷപ്പെട്ടു. ദാക്ഷായണി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വാക്കത്തി മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു. ആളുകൾ നോക്കിനിൽക്കെയായിരുന്നു ക്രൂരകൃത്യം അരങ്ങേറിയത്. ദാക്ഷായണിയുടെ ബന്ധുവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതായും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.