പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് 'സേവാ തീർത്ഥ്'  സജ്ജം; പ്രവർത്തനം ആരംഭിക്കുക മകരസംക്രാന്തി ദിനത്തിൽ

Monday 12 January 2026 10:13 PM IST

ന്യൂഡല്‍ഹി: റൈസീന കുന്നിന് സമീപം നിര്‍മ്മാണം പൂര്‍ത്തിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനസജ്ജമായി. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച സമുച്ചയത്തിന് സേവാ തീര്‍ത്ഥ് എന്നാണ് പേരിട്ടിരിക്കുന്നത്. ഈ മാസം 14ന് മകരസംക്രാന്തി ദിനത്തിൽ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിര്‍മ്മാണ ഘട്ടത്തില്‍ 'എക്സിക്യൂട്ടീവ് എന്‍ക്ലേവ്' എന്നാണ് ഓഫീസുകള്‍ക്ക് പേരിട്ടിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), കാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസ് എന്നിങ്ങനെ മൂന്ന് കെട്ടിടങ്ങളാണുള്ളത്.

ഓപ്പണ്‍ ഫ്‌ളോര്‍ മോഡലിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ രൂപകല്‍പ്പന. ഉദ്യോഗസ്ഥര്‍ക്കിടയില്‍ മികച്ച ഏകോപനവും സുതാര്യതയും ഉറപ്പാക്കാനാണ് പുതിയ മാറ്റം. ആധുനിക സാങ്കേതികവിദ്യയ്‌ക്കൊപ്പം ഇന്ത്യയുടെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന രീതിയിലാണ് വിദേശ പ്രതിനിധികളെ സ്വീകരിക്കുന്ന മുറികള്‍ ഒരുക്കിയിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭായോഗങ്ങള്‍ ചേരുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പ്രത്യേക ഹാളും സജ്ജമാക്കിയിട്ടുണ്ട്.

പുതിയ പാര്‍ലമെന്റ് മന്ദിരവും ഉപരാഷ്ട്രപതിയുടെ വസതിയും ഇതിനോടകം തന്നെ പ്രവര്‍ത്തനക്ഷമമാണ്. പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിര്‍മ്മാണവും ഓഫീസ് സമുച്ചയത്തിന് സമീപം നടന്നുവരികയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ നിലവിലെ ഏഴാം നമ്പര്‍ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ നിന്നും അദ്ദേഹം പുതിയ ഇടത്തേക്ക് മാറും.

ആകെ എട്ട് മന്ത്രാലയ ഓഫീസുകളില്‍ മൂന്നെണ്ണം ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. സ്വാതന്ത്ര്യലബ്ധി മുതല്‍ സൗത്ത് ബ്ലോക്കിലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍ ഇനി ഇന്ത്യയുടെ അയ്യായിരം വര്‍ഷത്തെ ചരിത്രം വിളിച്ചോതുന്ന ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി മാറും. ഇതിന്റെ ഒന്നാം ഘട്ടം അടുത്ത വര്‍ഷം ആദ്യം ഉദ്ഘാടനം ചെയ്‌തേക്കും.