നായകൻ ശിവജിത്ത്, പാൻ ഇന്ത്യൻ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം

Tuesday 13 January 2026 1:16 AM IST

ഇന്ത്യൻ ആക്ഷൻ സിനിമയുടെ ചരിത്രം മാറ്റിയെഴുതാൻ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ബ്രഹ്മാണ്ഡ സിനിമയിൽ നായകനായി ശിവജിത്ത്. ആറു ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം നവാഗതനായ അഭിനവ് ശിവൻ സംവിധാനം ചെയ്യുന്നു. എആർഎം, പെരുങ്കളിയാട്ടം എന്നീ ചിത്രങ്ങളുടെ സംവിധാന സഹായിയായിരുന്നു അഭിനവ് ശിവൻ. റോയൽ സിനിമാസിന്റെ ബാനറിൽ സി. എച്ച് മുഹമ്മദാണ് നിർമ്മാണം. ഒട്ടേറെ സിനിമകളിൽ കഥാപാത്രങ്ങൾക്കായി ഏത് കഠിനമായ ശാരീരിക മാറ്റങ്ങൾക്കും തയ്യാറായ നടനാണ് ശിവാജിത്ത്.

ലോകസിനിമയിലെ തന്നെ ഇതിഹാസങ്ങളായ ദി ലോർഡ് ഓഫ് ദി റിംഗ്സ്, പൈറേറ്റ്സ് ഓഫ് ദി കരീബിയൻ, ദി മാട്രിക്സ് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ആൻഡ്രൂ സ്റ്റെഹ്‌ലിൻ ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഹോളിവുഡ് ആക്ഷനൊപ്പം തന്നെ തനത് കളരിപ്പയറ്റും പ്രധാന ആകർഷണമാണ്. വീരം , എ.ആർ.എം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പി.വി. ശിവകുമാർ ഗുരുക്കളാണ് മാർഷൽ ആർട്സ് കോർഡിനേറ്റർ. തിരക്കഥ ലുക്മാൻ ഊത്താല, മജീദ് യോർദാൻ, ഛായാഗ്രഹണം രൂപേഷ് ഷാജി, എഡിറ്റർ സൈജു ശ്രീധരൻ, സംഗീതം നെസർ അഹമ്മദ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനേഴ്സ് പിഎം സതീഷ്, മനോജ് എം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈനർ രഞ്ജിത്ത് കോത്താരി, പി.ആർ. ഒ ആതിര ദിൽജിത്ത്.