കൃഷ്ണമേനോൻ ഗവ.വനിത കോളേജിൽ ക്വാണ്ടം സെഞ്ച്വറി സയൻസ് എക്സിബിഷൻ; സുവർണ്ണ ഫെസ്റ്റിനും തുടക്കം
കണ്ണൂർ: കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ.വനിത കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി ഫെസ്റ്റിനും ക്വാണ്ടം സെഞ്ച്വറി സയൻസ് എക്സിബിഷനും ആവേശകരമായ തുടക്കം. ജില്ലാ കളക്ടർ അരുൺ കെ.വിജയൻ സുവർണ്ണ ജൂബിലി ഫെസ്റ്റും പ്രദർശനവും ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.ടി.ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച ക്വാണ്ടം പ്രതിഭാസങ്ങളെ അടുത്തറിയാൻ സഹായിക്കുന്ന വിപുലമായ സ്റ്റാളുകളാണ് എക്സിബിഷനിൽ ഒരുക്കിയിരിക്കുന്നത്. 'അവസാനത്തെ ആകാശം' ഫോട്ടോ പ്രദർശനം: കെ.സി.സി.പി.എൽ ചെയർമാൻ ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷെറി ഫിലിം ഫെസ്റ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എസ്.സി.എസ്.ടി.ഇ മെമ്പർ സെക്രട്ടറി ഡോ.എ.സാബു മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ.പി.എച്ച്.ഷാനവാസ് സ്വാഗതവും ക്വാണ്ടം സയൻസ് എക്സിബിഷൻ കൺവീനർ ഡോ.ടി.പി.സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. കണ്ണൂർ സർവ്വകലാശാല യൂണിയൻ ചെയർമാൻ നന്ദജ് ബാബു,അനൂപ് ബാലൻ, ഡോ.സി പി.സന്തോഷ്, കെ.ഷഹീന, നാസിയ സലീം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.ദിവാകരൻ, ഡോ.ഷൈജു, ഡോ. ആൽഡ്രിൻ, പി.പി.ബാബു, ബിജു നിടുവാലൂർ തുടങ്ങിയവർ സംസാരിച്ചു.
ക്വാണ്ടം സയൻസ് പ്രദർശനം തുടങ്ങി ഇന്നുമുതൽ റജിസ്റ്റർ ചെയ്ത ടീമംഗങ്ങൾക്ക് പ്രവേശനം നൽകി തുടങ്ങി. അറുപത് യുവശാസ്ത്രജ്ഞന്മാരാണ് ക്വാണ്ടം സയൻസ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിശദീകരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം ലോകമെമ്പാടും നടക്കുന്ന ക്വാണ്ടം സയൻസ് പ്രദർശനത്തിൽ ഏറ്റവും വിപുലമായി സംഘടിപ്പിക്കുന്നത് കേരളത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ നടക്കുന്ന ക്വാണ്ടം സയൻസ് പൂച്ചകളുടെ പ്രദർശനമാണ്. കേരളത്തിലെ ഒൻപതാമത്തെ കേന്ദ്രമായി കണ്ണൂർ കൃഷ്ണമേനോൻ കോളജിൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രദർശനം ഒരുക്കിയിരിക്കുന്നത്. ക്വാണ്ടം സയൻസ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിശദീകരിക്കുന്നതിനുവേണ്ടി കണ്ണൂർ വനിതാ കോളേജിലെ യുവ ശാസ്ത്രജ്ഞന്മാർക്ക് പരിശീലീനം നൽകി.കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല സെന്റർ ഫോർ സയൻസിൽ സൊസൈറ്റിയിലെ തലവൻ ഡോ.പി.ഷൈജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.