കൊലക്കേസ് പ്രതി മുങ്ങിയിട്ട് 15 ദിവസം, വിനീഷെവിടെ പൊലീസേ..
കോഴിക്കോട്: രണ്ടാഴ്ച പിന്നിട്ടിട്ടും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപോയ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കണ്ടെത്താനാവാതെ അന്വേഷണ സംഘം. വിനീഷിനായി മംഗലാപുരം ഭാഗങ്ങളിലടക്കം അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കാണാമറയത്ത് തന്നെയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 100 ഓളം പേരെ ചോദ്യം ചെയ്യുകയും പ്രദേശത്തെ സി.സി.ടി.വികളും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ തുടങ്ങി ഇടങ്ങളിലെല്ലാം പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. വിനീഷ് ഫോൺ ഉപയോഗിക്കാത്തതിനാൽ ഏത് രീതിയിലാവും രക്ഷപ്പെട്ടതെന്നത് പൊലീസിനെ കുഴക്കുകയാണ്.
രക്ഷപ്പെട്ടത് ദീർഘ ദൂര
വാഹനത്തിലോ?
29ന് രാത്രി ശുചിമുറിയുടെ ചുമർ തുരന്ന് രക്ഷപ്പെട്ട വിനീഷ് നഗരത്തിന്റെ പല ഭാഗങ്ങളിൽ എത്തിയതായി അതാത് ഇടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പൊലീസിന് വ്യക്തമായിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിലോ ബസ് സ്റ്റാൻഡ് പരിസരത്തോ എത്തിയിട്ടില്ല. അതിനാൽ ഇതരസംസ്ഥാനത്തെ ഏതെങ്കിലുംചരക്കുലോറിയിലോ മറ്റ് വാഹനങ്ങളിലോ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. സ്വന്തം നാടായ പെരിന്തൻമണ്ണയിലോ മറ്റ് ബന്ധുക്കളുടെ വീട്ടിലോ ഇയാൾ എത്തിയിട്ടില്ല. ചാടിപോയിട്ട് 15 ദിവസം പിന്നിട്ടതിനാൽ ദീർഘ ദൂരം സഞ്ചരിച്ചിട്ടുണ്ടാകാമെന്നും പൊലീസ് പറഞ്ഞു. 2022ൽ ആദ്യം രക്ഷപ്പെട്ടപ്പോൾ മംഗലാപുരത്ത് നിന്നാണ് പിടികൂടിയത്. അവിടുത്തെ പൊലീസുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയെങ്കിലും കാര്യമുണ്ടായില്ല. മംഗലാപുരത്തിന് പുറമെ കോയമ്പത്തൂർ, മുംബയ്, എന്നിവിടങ്ങളിലും തിരച്ചിൽ പുരോഗമിക്കുകയാണ്. മെഡി. കോളേജ് എസ്.എച്ച്.ഒ ബെെജു കെ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്
രക്ഷപ്പെടാൻ തയ്യാറെടുപ്പ്
കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന വിനീഷിനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഡിസംബർ 10-ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. അറ്റാച്ച്ഡ് ശുചിമുറിയുള്ള സിംഗിൾ സെല്ലിലായിരുന്നു പാർപ്പിച്ചിരുന്നത്. അന്ന് മുതൽ രക്ഷപ്പെടാനുള്ള വഴി ഇയാൾ കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. ചായ കുടിക്കുന്ന സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് ശുചിമുറിയിലെ ടൈൽ ഇളക്കി ഭിത്തി തുരന്നാണ് രക്ഷപ്പെട്ടത്. 10 ദിവസമെങ്കിലും ഇതിനു വേണ്ടിവന്നിരിക്കാമെന്ന് കരുതുന്നു. വിനീഷ് അക്രമാസക്തനാകുന്നതിനാൽ സെല്ലിനകത്ത് കയറി പൊലീസ് പരിശോധിക്കാറില്ലായിരുന്നു. ഇത് ജയിൽ ചാട്ടം കൂടുതൽ എളുപ്പമാക്കി.
രണ്ടാം തവണയാണ് വിനേഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടുന്നത്. 2022ൽ ആദ്യമായി കുതിരവട്ടത്ത് നിന്ന് ചാടിപോയിരുന്നെങ്കിലും പൊലീസ് പിടിയിലായി. പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യയെ പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യം മൂലം 2021 ജൂൺ 17നാണ് വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്.