കട്ടപ്പനയിൽ തണലിടം പദ്ധതി യാഥാർഥ്യമാകുന്നു
കട്ടപ്പന: നഗരത്തിന്റെ സ്വപ്ന പദ്ധതിയായ തണലിടന്റെ നിർമാണം തുടങ്ങുന്നു. മാർച്ച് 31ന് മുമ്പ് നിർമാണം പൂർത്തിയാക്കുമെന്ന് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു. ഇന്നലെ പദ്ധതി സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പള്ളിക്കവല ടൗൺഹാൾ ബൈപ്പാസ് റോഡിലാണ് തണലിടം പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് ഇവിടം. 100 മീറ്റർ റോഡിന്റെ ഇരുവശങ്ങളിലും തണൽ മരങ്ങൾ നിറഞ്ഞ പ്രദേശമാണ് ഇവിടെ. ഏത് വെയ്ലത്തും ഇവിടെ തണലുള്ളതിനാൽ നിരവധി ആളുകളാണ് ഇവിടെ വിശ്രമിക്കാനെത്തുന്നത്. ഈ സ്ഥലത്തെ മരങ്ങൾ എല്ലാം സംരക്ഷിച്ചു കൊണ്ടാണ് നഗരസഭ തണലിടം എന്ന പേരിൽ ഇവിടെ വിശ്രമ കേന്ദ്രം നിർമിക്കുവാൻ തീരുമാനിച്ചത്.
=നഗരസഭ ബഡ്ജറ്റിൽ 15 ലക്ഷം രൂപാ റോഡിന്റെ സൈഡ് കെട്ടിന് അനുവദിച്ചിരുന്നു. പിന്നീട് കേന്ദ്ര സർക്കാരിന്റെ അമൃത് 2.0 പദ്ധതിയിൽ പെടുത്തി 37 ലക്ഷം രൂപായും അനുവദിച്ചിരുന്നു.
=പദ്ധതി പൂർത്തിയാകുന്നതോടെ സുഹൃത്തുകൾക്കൊപ്പവും കുടുംബമായും സമയം ചിലവഴിക്കാൻ ഇവിടെ സാധിക്കും. മരങ്ങൾ നശിപ്പിക്കാതെ കല്ല് കെട്ടി സംരക്ഷിച്ച് ചാരുബെഞ്ചുകൾ, പൂച്ചെടികൾ, സോളാർലൈറ്റ്, ക്യാമറ, കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ, ഫ്രീ വൈഫൈ, എക്സർ സെയ്സ് മിഷൻ, കഫ്‌റ്റേരിയ എന്നിവയാണ് തണലിടത്തിൽ തയാറാക്കുന്നത്. =മുൻപ് ഇവിടെ മാലിന്യ നിക്ഷേപ കേന്ദ്രം ആവുകയും കെട്ടിക്കിടന്ന മലിനജലത്തിൽ കൊതുകുകൾ പെരുകി ആളുകൾക്ക് വലിയ ഭീഷണി സൃഷ്ടിക്കുകയും ചെയ്തത് കേരള കുമുദി സാമൂഹ്യ മദ്ധ്യത്തിൽ എത്തിച്ചിരുന്നു. തുടർന്നാണ് അവ പരിഹരിച്ച് നടപടികൾക്ക് തുടക്കം ആയിരിക്കുന്നത്.