അർത്തുങ്കൽ ബസലിക്ക സൗരോർജ്ജത്തിലേക്ക്
ചേർത്തല: പരിസ്ഥിതി സംരക്ഷണത്തിനും ഊർജ സ്വയംപര്യാപ്തതയ്ക്കും ശക്തമായ മാതൃകയാകുന്ന സോളാർ വൈദ്യുതി പദ്ധതിയുമായി അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസലിക്ക. 40 കിലോവാട്ട് ശേഷിയുള്ള സോളാർ പാനലുകളും 50 കിലോവാട്ട് ബാറ്ററി ബാക്കപ്പും ഉൾക്കൊള്ളുന്ന ആധുനിക ഹൈബ്രിഡ് സോളാർ പ്ലാന്റാണ് ബസലിക്കയിൽ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്ലാന്റിലൂടെ പ്രതിദിനം ശരാശരി 200 യൂണിറ്റിനടുത്ത് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും.
ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഈ വർഷം 'ആത്മാവിനും പ്രകൃതിക്കുമുള്ള പരിരക്ഷ' എന്ന അടയാളവാക്യത്തിൽ ഊന്നി ആത്മീയ നവീകരണ വർഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇടവകാതല പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് ശക്തമായ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ സോളാർ പ്ലാന്റ് സ്ഥാപിച്ചതെന്ന് ബസലിക്ക റെക്ടർ ഫാ.ഡോ.യേശുദാസ് കാട്ടുങ്കൽ തയ്യിൽ പറഞ്ഞു.
സ്വിച്ച് ഓൺ ഇന്ന്
സോളാർ പ്ലാന്റിന്റെ സ്വിച്ച് ഓൺ ഇന്ന് വൈകിട്ട് 6.30ന് ബസിലിക്ക റെക്ടർ ഫാ. ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിൽ നിർവഹിക്കും. ഗ്രിഡ് ഇന്ത്യ സോളാറിന്റെ ഡയറക്ടർമാരായ രാജേഷ് കുമാർ,വിജി കുമാർ,രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്ലാന്റിന്റെ ഡിസൈൻ രൂപകൽപ്പനയും നിർമ്മാണവും നടത്തിയത്.