അരൂർ – തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം അവസാന ഘട്ടത്തിൽ

Tuesday 13 January 2026 8:45 AM IST

അരൂർ: ആലപ്പുഴ, എറണാകുളം നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമാകുന്ന, അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ദേശീയപാത 66ന്റെ ഭാഗമായ ഈ ഉയരപ്പാതയുടെ 86 ശതമാനം ജോലികളും പൂർത്തിയായി. 12 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരിപ്പാത 374 പില്ലറുകളിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ ഏറ്റവും വലിയ മേൽപ്പാലങ്ങളിലൊന്നായ ഈ പദ്ധതിയിൽ ആകെ 2,645 ഗർഡറുകളാണുള്ളത്.ഇതിൽ 2,605 എണ്ണം സ്ഥാപിച്ചു കഴിഞ്ഞു. ഇനി നാലിടങ്ങളിലായി 40 ഗർഡറുകൾ മാത്രമാണ് ഉയർത്താനുള്ളത്.

മേയ് മാസത്തോടെ പദ്ധതി പൂർത്തിയാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും അതിന് മുമ്പേ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ആലപ്പുഴ ജില്ലയിലെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെയാണ് കേരളത്തിന്റെ സ്വപ്നപദ്ധതിയായ ഈ ഉയരപ്പാത കടന്നുപോകുന്നത്. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഏകദേശം 2,200 കോടി രൂപയാണ് പദ്ധതിച്ചെലവ്.

ഗർഡറുകൾ

ആകെ: 2,645

സ്ഥാപിച്ചത് : 2,605

സ്ഥാപിക്കാനുള്ളത് : 40

മാർച്ചിൽ തുറക്കുമെന്ന് പ്രതീക്ഷ

1.ഉയരപ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന 110 കെ.വി വൈദ്യുത ലൈൻ ഉയർത്തുന്നതിനുള്ള ടവർ സ്ഥാപിക്കൽ ജോലികൾ വൈകുന്നുണ്ട്. നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്നതിന് ഭൂമിയുടെ വാടക സംബന്ധിച്ച തർക്കമാണ് ഇതിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന

2.വൈദ്യുത ലൈൻ ഉയർത്തുന്ന ജോലികൾ പൂർത്തിയായാൽ മാത്രമേ എ.ആർ റെസിഡൻസി ഹോട്ടലിന് സമീപമുള്ള ഇ.എച്ച്.ടി ലൈനുകൾ ഉയർത്താൻ കഴിയൂ. ഇതുകാരണം മൂന്ന് പില്ലറുകളിലായി 21ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങിയിട്ടില്ല

3.കുത്തിയതോട് പാലത്തിലും സമീപ പ്രദേശങ്ങളിലും ഗർഡറുകൾ ഉയർത്തേണ്ടതുണ്ട്. ഇവിടെ ലോഞ്ചിംഗ് ഗാൻട്രി ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ ഒന്നിലധികം വലിയ ക്രെയിനുകളുടെ സഹായത്തോടെയാണ് പ്രവർത്തനം

4. കളമശേരി, ആലപ്പുഴ മേഖലകളിലെ വൈദ്യുത പ്രസരണ വിഭാഗത്തിന്റെ സാങ്കേതിക സഹായവും ഇവിടെ ആവശ്യമാണ്. എൻ.എച്ച്. 66ൽ നിന്ന് സംസ്ഥാന പാതയിലേക്കുള്ള റാമ്പും ഉയരപ്പാതയും ചേരുന്ന ഭാഗമായതിനാൽ ലോഞ്ചിംഗ് ഗാൻട്രി സ്ഥാപിക്കാൻ കഴിയാത്തത് വെല്ലുവിളിയാണ്