കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ റെയ്ഡ്,​ ഇതുവരെ 12 പേർ പിടിയിൽ

Sunday 13 October 2019 8:08 PM IST

കൊച്ചി : സോഷ്യൽ മീഡിയ വഴി കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 12 പേർ പിടിയിലായി. ഇന്റർനെറ്റിൽ കുട്ടികളുടെ നഗ്‌നചിത്രങ്ങൾ തിരയുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ പൊലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിലാണ് ഇവർ അറസ്റ്റിലായത്. ഇതുവരെ. 20 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി 21 സ്ഥലങ്ങളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. പിടിയിലായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.

ഇത്തരം ദൃശ്യങ്ങൾ നിരന്തരം കൈമാറ്റം ചെയ്യുന്ന നൂറിലേറെപ്പേരും ഒട്ടേറെ ഗ്രൂപ്പുകളും സൈബർഡോമിന്റെ കർശന നിരീക്ഷണത്തിലാക്കി. അറസ്റ്റിലാകുന്നവര്‍ക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷലഭിക്കുന്ന തരത്തിൽ നടപടികൾ കർശനമാക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.വാട്സ് ആപ്, ഫേസ്ബുക്ക്, ടെലഗ്രാം എന്നിവയിൽ സജീവമായ ഗ്രൂപ്പുകളും അതിലെ അംഗങ്ങളും പൊലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്.

നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ സ്വദേശി മുഹമ്മദ് ഫഹാദ്.എസ് എന്നിവരാണ് തിരുവനന്തപുരത്തു പിടിയിലായത്. പത്തനംതിട്ടയിൽ വളളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത്, എറണാകുളത്ത് അനൂപ്, രാഹുൽ ഗോപി, കണ്ണൂരിൽ മതിപറമ്പ് സ്വദേശികളായ ജിഷ്ണു.എ, രമിത്.കെ, കരിയാട് സ്വദേശി ലിജേഷ്.ജി.പി എന്നിവരും പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്ന് ഒരാൾ വീതവും പിടിയിലായി.

പിടിയിലായവരിൽനിന്ന് മൊബൈൽ ഫോൺ, ലാപ്ടോപ്പ്, മോഡം, ഹാർഡ് ഡിസ്‌ക്, മെമ്മറി കാർഡുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന വാട്സ് ആപ് ഗ്രൂപ്പുകളും കണ്ടെത്താൻ കഴിഞ്ഞു.

കുട്ടികളുടെ നഗ്‌നചിത്രങ്ങൾ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ച് വർഷംവരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികളിൽ ഏര്‍പ്പെടുന്നവരുടെ വിവരങ്ങൾ സൈബർഡോമിനേയോ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനേയോ അറിയിക്കാൻ പൊലീസ് അഭ്യര്‍ത്ഥിച്ചു.