ജില്ലയിൽ 18 പേർക്ക് കുഷ്ഠരോഗം നിവാരണപദ്ധതികൾ ഊർജിതം
ആലപ്പുഴ: ജില്ലയിൽ കുട്ടികളുൾപ്പെടെ 18 പേർക്ക് കുഷ്ഠരോഗ ബാധ. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനയും ബോധവൽക്കരണവും ഊർജിതമാക്കി. കുഷ്ഠരോഗം നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അശ്വമേധം 7.0 ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. നിലവിൽ 18 പേരാണ് കുഷ്ഠ രോഗത്തിന് ചികിത്സയിലുള്ളത്. ഇതിൽ രോഗം കാരണം 3 പേർ ഭാഗിക അംഗവൈകല്യത്തിനിരകളായി. രണ്ട് കുട്ടികളിലേക്ക് കൂടി രോഗ വ്യാപനമുണ്ടായതോടെ സ്കൂളുകളും ക്രഷുകളുമുൾപ്പെടെ ജില്ലയിലുടനീളം പരിശോധന ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൻ പരിശീലനം ലഭിച്ച ഒരു ആശ പ്രവർത്തകയും, പുരുഷ വോളണ്ടിയറും അടങ്ങുന്ന ടീം വീടുകളിലെത്തി പ്രാഥമിക ത്വക്ക് പരിശോധന നടത്തും.1957 ടീമുകളെ ഇതിനായി ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. ടീം അംഗങ്ങൾ ജില്ലയിലെ 6,08,769 വീടുകളിൽ രണ്ടാഴ്ച്ചകൊണ്ട് സന്ദർശനം പൂർത്തിയാക്കും. ജില്ലയിൽ ആകമാനം പ്രയാലിംഗഭേദമെന്യേ 24,00,692 വ്യക്തികളെയാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. അന്യസംസ്ഥാന തൊഴിലാളിക്യാമ്പുകളും തൊഴിലിടങ്ങളും പരിശോധനാ പട്ടികയിലുണ്ട്. രോഗ ലക്ഷണങ്ങൾ സംശയിക്കുന്നവർക്ക് ആവശ്യമായ തുടർ പരിശോധനയും ചികിത്സയും ലഭ്യമാക്കും.വ്യക്തിഗത വിവരങ്ങൾ തികച്ചും സ്വകാര്യമായി സൂക്ഷിക്കും.
ബാലമിത്ര
കുട്ടികളിലെ രോഗവ്യാപനം തടയുന്നതിനുള്ള പദ്ധതിയാണ് ബാലമിത്ര. ക്രഷുകളും അങ്കണവാടികളും സ്കൂളുകളും കേന്ദ്രീകരിച്ചാണ് പരിശോധന. കുട്ടികളിലെ രോഗബാധ പ്രാരംഭത്തിലേ കണ്ടുപിടിച്ച് ചികിത്സ ലഭ്യമാക്കുക, കുഷ്ഠരോഗംകാരണമുള്ള വൈകല്യം തടയുക എന്നിവയാണ് ലക്ഷ്യം
ചികിത്സിച്ച് ഭേദമാക്കാം
# തൊലിപ്പുറത്ത് നിറം മങ്ങിയതോ, ചുവന്ന നിറത്തിലുള്ളതോ ആയ പാടുകളിൽ സ്പർശനം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കുക, വേദനയില്ലാത്ത വൃണം, കൈകാലുകളിലെ പെരുപ്പ്, മരവിപ്പ് എന്നിവ രോഗലക്ഷണമാവാം
# ആറു മുതൽ 12 മാസം വരെയുള്ള ചികിത്സയിലൂടെ കുഷ്ഠരോഗം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാം. നേരത്തെ ചികിത്സിക്കുക എന്നത് രോഗ പകർച്ച തടയുന്നതിന് പ്രധാനമാണ്. ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്
# ചികിത്സ ആരംഭിച്ച ആഴ്ചകൾക്കുള്ളിൽ തന്നെ രോഗം പകരുന്നത് തടയാൻ സാധിക്കും. രോഗം മൂലം അംഗവൈകല്യം സംഭവിക്കുന്നതും ഒഴിവാക്കാം. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും കുഷ്ഠ രോഗചികിത്സ സൗജന്യമാണ്
ജില്ലയിൽ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. രോഗ നിവാരണത്തിന് പരിശോധനയുമായി എല്ലാവരും സഹകരിക്കണം.
- ജില്ലാ കുഷ്ഠരോഗ പ്രതിരോധ വിഭാഗം, ആലപ്പുഴ