അരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
അരൂർ : അരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ഞായറാഴ്ച രാത്രി മതിൽ ചാടി സ്കൂൾ വളപ്പിൽ കയറിയ അജ്ഞാതർ പൂച്ചെടികൾ തകർക്കുകയും ലൗഡ് സ്പീക്കറുകളുടെ വയറുകൾ നശിപ്പിക്കുകയും ചെയ്തു.
സ്കൂൾ പ്രവർത്തി ദിനമായ തിങ്കളാഴ്ച രാവിലെ സ്കൂൾ തുറക്കാനെത്തിയ ജീവനക്കാരാണ് നാശനഷ്ടങ്ങൾ കണ്ടെത്തിയത്. വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികൾ, തീപ്പെട്ടി, മദ്യക്കുപ്പികൾ എന്നിവ ക്ലാസ് മുറികളിൽ ചിതറിക്കിടക്കുകയായിരുന്നു. അകത്തുണ്ടായിരുന്ന സ്പീക്കറുകൾ മോഷ്ടിക്കാനുള്ള ശ്രമവും നടന്നതായി കണ്ടെത്തി.
ജില്ലാ പഞ്ചായത്തംഗം കെ.ആർ. ജ്യോതിലക്ഷ്മി, വാർഡ് മെമ്പർ ടി.ബി. ഉണ്ണികൃഷ്ണൻ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ സ്ഥലത്തെത്തി. തുടർന്ന് പോലീസിൽ പരാതി നൽകി.
സ്കൂളിന് ചുറ്റുമതിലിന് ഉയരം കുറഞ്ഞതിനാൽ പുറത്തുള്ളവർക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്. ഇതിനുമുമ്പും സ്കൂൾ വളപ്പിനുള്ളിൽ പ്രവർത്തിക്കുന്ന കേരള സർവകലാശാലയുടെ യു.ഐ.ടി. സെന്ററിലും ഒന്നിലധികം തവണ സാമൂഹ്യവിരുദ്ധ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. രാത്രിയിൽ പൊലീസ് പരിശോധന ശക്തമാക്കണമെന്നും സ്കൂളിന്റെ ചുറ്റുമതിൽ ഉയർത്തി കെട്ടുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെട്ടു.