പെരിങ്ങമ്മല കുടിവെള്ള പദ്ധതി പൂർത്തിയാക്കണം
പാലോട്: മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ മൂന്നു വർഷം മുൻപാണ് പെരിങ്ങമ്മല പഞ്ചായത്തിൽ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ജലസേചനവകുപ്പ് ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്തിൽ പൊന്മുടി ഒഴികെ എല്ലാ വാർഡുകളിലും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. കേന്ദ്ര ജലജീവൻ പദ്ധതിയിലുൾപ്പെടുത്തി 123കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്.പനങ്ങോട് ആയിരവില്ലി ക്ഷേത്രത്തിനടുത്ത് ഒന്നേകാൽ ഏക്കർ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തിരുന്ന സ്ഥലത്താണ് നിർമ്മാണം ആരംഭിച്ചത്. വഴിക്കുവേണ്ടിയുള്ള ഭൂമിയും പഞ്ചായത്ത് ഏറ്റെടുത്തു നൽകി. 70സെന്റ് സ്ഥലം ട്രീറ്റ്‌മെന്റ് പ്ലാന്റിനും 30സെന്റ് സ്ഥലം ടാങ്ക് സ്ഥാപിക്കാനും 10സെന്റ് കിണറും പമ്പിംഗ് സ്റ്റേഷനും വേണ്ടി തമ്പുരാൻവച്ചുണ്ടപാറയ്ക്കു സമീപവും വാങ്ങിയിട്ടുണ്ട്. ടാങ്കിന്റെയും കുളത്തിന്റെയും നിർമ്മാണം എങ്ങുമെത്തിയില്ല. കൂടാതെ പഞ്ചായത്ത് റോഡുകളിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിന് എട്ടുകോടി രൂപയും അനുവദിച്ചിരുന്നു.
നിശ്ചലാവസ്ഥയിൽ
ചോഴിയക്കോട് അമ്മയമ്പലം -തെന്നൂർ നരിക്കല്ലുവരെയും ഞാറനീലിമുതൽ മങ്കയം വരെയുമുള്ള പ്രദേശങ്ങൾ പദ്ധതിയിലുൾപ്പെടും. 30വർഷമായി വന്ന ഭരണസമിതികളുടെ നിരന്തര ശ്രമങ്ങളെത്തുടർന്നാണ് പദ്ധതിക്ക് തുടക്കമായത്. കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായാൽ പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകും.
പൈപ്പുകൾ ഉപയോഗശൂന്യം
വാമനപുരം നദിയിൽ നിന്നും ശേഖരിക്കുന്ന വെള്ളമാണ് ജനങ്ങളിലെത്തുന്നത്. ഇതിനായി ദൈവപ്പുര ആറിനു സമീപം ജലസംഭരണി സ്ഥാപിക്കും. നിലവിൽ പഞ്ചായത്തിൽ കുണ്ടാളംകുഴി, ഇടിഞ്ഞാർ എന്നീ രണ്ട് കുടിവെള്ള പദ്ധതികളാണുള്ളത്. രണ്ടും കാര്യക്ഷമമല്ല. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പുകൾ ഉപയോഗശൂന്യമായ നിലയിലാണ്.
പ്രതികരണം: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളും കോളനികളും ആദിവാസി മേഖലകളുമുള്ള പഞ്ചായത്താണ് പെരിങ്ങമ്മല പഞ്ചായത്ത്.നിലവിലെ പഞ്ചായത്ത് ഭരണസമിതിയുടെ പ്രധാന അജൻഡയാണ് കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണം. ഇത് സമയബന്ധിതമായി പൂർത്തിയാക്കും
താന്നിമൂട് ഷംസുദ്ദീൻ
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, പെരിങ്ങമ്മല