വിഴിഞ്ഞത്ത് 66.98 ശതമാനം; വിധി ഇന്നറിയാം
വിഴിഞ്ഞം: കോർപ്പറേഷൻ വിഴിഞ്ഞം വാർഡ് തിരഞ്ഞെടുപ്പിൽ 66.98 ശതമാനം പോളിംഗ്. ഫലം ഇന്നറിയാം. വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ ആകെയുള്ള 13,307 വോട്ടർമാരിൽ 8912 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എൽ.ഡി.എഫ്, യു.ഡി.എഫ് വിമതർ ഉൾപ്പെടെ 9 പേരാണ് സ്ഥാനാർത്ഥികളായത്. രാവിലെ 10 മുതൽ വോട്ടെണ്ണും. വെങ്ങാനൂർ വി.പി.എസ് മലങ്കരയിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ തലേദിവസം സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് വിഴിഞ്ഞത്ത് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം 3 മുന്നണികൾക്കും നിർണായകമാണ്. നിലവിൽ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ ഭരണം നടത്തുന്ന ബി.ജെ.പിക്ക് ഒരു സീറ്റ് കൂടി ലഭിച്ചാൽ കേവല ഭൂരിപക്ഷം തികയ്ക്കാം. അതേസമയം കഴിഞ്ഞ രണ്ടുതവണയായി കൈവശമുള്ള വാർഡ് നിലനിറുത്താൻ എൽ.ഡി .എഫ് സംസ്ഥാന നേതാക്കൾ ഉൾപ്പെടെ വിഴിഞ്ഞത്ത് എത്തിയിരുന്നു. രണ്ടുതവണയായി കൈവിട്ടുപോയ സീറ്റ് തിരികെപ്പിടിക്കാൻ മുൻ കൗൺസിലറെയാണ് യു.ഡി.എഫ് മത്സരിപ്പിച്ചത്. കഴിഞ്ഞതവണ റിബൽ സ്ഥാനാർത്ഥിക്കു വേണ്ടി രംഗത്തിറങ്ങിയ ആളെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ഇവിടെ കോൺഗ്രസ് റിബൽ മത്സരിച്ചത്. റിബലുകൾ എത്ര വോട്ട് പിടിക്കുമെന്നതനുസരിച്ചാകും മുന്നണി സ്ഥാനാർത്ഥികളുടെ വിജയം എന്ന് നേതാക്കൾ പറയുന്നു.