ഗഡ്യോളെ... ഇനി 'കല'ക്കൻ സീനാട്ടാ...
തൃശൂർ: പൂരനഗരി ഇനി അഞ്ചു നാൾ നാദതാള ലയങ്ങളുടെ നഗരം. വടക്കുന്നാഥന് ചുറ്റും 25 വേദികൾ. ചെണ്ടമേളവും ഭരതനാട്യവും കഥകളിയുമെല്ലാമായി പൂരനഗരി മറ്റൊരു ഉത്സവത്തിമിർപ്പിലേക്ക്. അവസാനവട്ട മിനുക്കു പണിയിലാണ് സംഘാടകർ. എല്ലാ വേദികളിലും കർശന സുരക്ഷയാണ് ഒരുക്കുന്നത്. പൊലീസിന് പുറമേ എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ്സ് തുടങ്ങിയ സംഘടനകളും രംഗത്തുണ്ട്. ഇന്ന് രാവിലെ കലവറ നിറയ്ക്കലോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് നഗരം ഉണരും. വൈകിട്ട് മൂന്നിനാണ് പാലു കാച്ചൽ. രാത്രി എത്തുന്നവർക്ക് ഭക്ഷണം നൽകും. നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കൂടുതൽ പേർ കൊല്ലത്ത് നിന്ന് , കുറവ് ഇടുക്കി
കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളിൽ കൂടുതൽ പേരെത്തുന്നത് കൊല്ലത്ത് നിന്ന്്. 748 പേർ. അപ്പീൽ കൂടാതെയാണ് ഇത്. 688 പേർ പങ്കെടുക്കുന്ന ഇടുക്കിയിൽ നിന്നാണ് കുറവ്. കലോത്സവത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരെ അപ്പീലുമായി എത്തുന്നവരുണ്ട്.
337 അപ്പീലുകൾ
ഇതുവരെ 337 അപ്പീലുകളാണ് അപ്പീൽ കമ്മിറ്റിക്ക് ലഭിച്ചത്. ഒപ്പം കോടതി വിധിയിലൂടെ പങ്കെടുക്കാനെത്തുന്നവരും ഹൈക്കോടതി, മുനിസിപ്പൽ കോടതി എന്നിവിടങ്ങളിൽ നിന്ന് അപ്പീലുമായെത്തുന്നവരുമുണ്ടാകും. 2022ൽ 356 അപ്പീലാണ് വന്നതെങ്കിൽ 2023 ൽ 561 ആയി. 2024 ൽ ലഭിച്ച 345 അപ്പീലുകളാണ് ഈ മൂന്നു വർഷത്തെ കുറവ് അപ്പീൽ. എന്നാൽ തുകയുടെ കണക്കെടുത്താൽ 2024 ആണ് മുന്നിൽ. 5000 രൂപയാണ് അപ്പീലിന് ഒരോരുത്തരും അടയ്ക്കേണ്ടത്. ജില്ലയിൽ നിന്നും വിജയിച്ചെത്തിയ കുട്ടിയേക്കാൾ സംസ്ഥാന കലോത്സവത്തിൽ കൂടുതൽ പോയിന്റ് ലഭിച്ചാലേ കെട്ടിവച്ച തുകയും ഗ്രേഡും ലഭിക്കൂ. 30 ശതമാനം പേർക്ക് പോലും പോയിന്റ് നില മെച്ചപ്പെടുത്താനായിട്ടില്ല. അപ്പീൽ പണം തിരികെ ലഭിച്ചവരും വിരളം.
കലോത്സവ നഗരിയിൽ ഇന്ന്
ഗവ.മോഡൽ ബോയ്സ് സ്കൂൾ : രജിസട്രേഷൻ ഉദ്ഘാടനം - രാവിലെ 10.00 സെന്റ് മേരീസ് യു.പി.സ്കൂൾ ലൂർദ്ദ് : അക്കോമഡേഷൻ സെന്ററിലേക്ക് സ്വീകരണം - രാവിലെ 11.00 തൃശൂർ റെയിൽവേ സ്റ്റേഷൻ : കലോത്സവ വണ്ടികളുടെ ഫ്ളാഗ് ഒഫ് - ഉച്ചയ്ക്ക് 12.00 പാലസ് ഗ്രൗണ്ട് ഭക്ഷണ ശാല : കലവറ നിറയ്ക്കൽ - രാവിലെ 9.00 സി.എം.എസ് സ്കൂൾ പരിസരം : സ്വർണക്കപ്പ് ഘോഷയാത്ര - വൈകിട്ട് 3.00 പാലസ് ഗ്രൗണ്ട് ഭക്ഷണ ശാല : ഭക്ഷണശാലയിലെ പാലു കാച്ചൽ ചടങ്ങ് - വൈകിട്ട് 3.00 കലോത്സവം പ്രധാന വേദി (തേക്കിൻക്കാട് മൈതനം) മീഡിയ പവലിയൻ ഉദ്ഘാടനം - രാവിലെ 11.30
കലോത്സവം: കേരളകൗമുദി സ്റ്റാൾ ഉദ്ഘാടനം ഇന്ന്
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന തേക്കിൻകാട് മൈതാനം എക്സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ കേരളകൗമുദിയുടെ സ്റ്റാൾ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി - തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭുവാര്യർ അദ്ധ്യക്ഷത വഹിക്കും.
കലോത്സവമെന്ന് കേട്ടാൽ ഇപ്പോഴും ആവേശം
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവമെന്ന് കേട്ടാൽ എവിടെ നിന്നോ വലിയ ഊർജം കിട്ടും പോലെയാണ് ഈ ഡോക്ടർക്ക്. എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുത്തതിന്റെ സന്തോഷം ഡോ.സുനിൽകുമാറിന്റെ മനസിൽ ഇപ്പോഴുമുണ്ട്. കുണ്ടുകാട് നിർമല സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് 1983ൽ പ്രസംഗ മത്സരത്തിന് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിനെത്തിയത്. കൊണ്ടുപോകാനാളില്ല. തന്നെയാണ് എറണാകുളത്തെത്തിയത്. അന്ന് പത്താം ക്ലാസ് വരെയുള്ളവർ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. അഞ്ച് മിനിറ്റ് മുൻപ് സംഘാടകർ ഒരു വിഷയം തരും. അഞ്ച് മിനിറ്റ് കൊണ്ട് തയ്യാറെടുത്ത് പിന്നെ അഞ്ച് മിനിറ്റ് ആ വിഷയത്തെക്കുറിച്ച് പ്രസംഗിക്കണം. തയ്യാറെടുക്കുന്ന മുറിയിലേക്ക് പുസ്തകങ്ങളും കുറിപ്പും കൊണ്ടുപോകാം എന്ന് അറിയില്ലായിരുന്നു. എല്ലാവരും അതെല്ലാം കരുതി. അതുകൊണ്ട് വേദിയിലെത്തിയപ്പോൾ വെറും കൈയോടെ വന്നു പ്രസംഗിക്കുകയാണെന്നും, തെറ്റുകൾ പൊറുക്കണമെന്നും പ്രസംഗത്തിൽ പറഞ്ഞു. സമ്മാനമൊന്നും ലഭിച്ചില്ലെങ്കിലും മികച്ച ഗ്രേഡ് തന്ന് ജഡ്ജിംഗ് കമ്മിറ്റി. മെഡിക്കൽ വിദ്യാർത്ഥിയായിരുന്നപ്പോൾ ഇടയ്ക്ക് മത്സരങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. ഇപ്പോൾ ചേലക്കര താലൂക്ക് ആശുപത്രിയുടെ സൂപ്രണ്ടാണ്.
ഹരിതചട്ടത്തിൽ വിട്ടു വീഴ്ച്ചയില്ല
തൃശൂർ : പൂർണമായും ഹരിതചട്ടം പാലിച്ച് സംസ്ഥാന സ്കൂൾ കലോത്സവം ആസ്വദിക്കാൻ സജ്ജമാകുകയാണ് നഗരം. ഇന്ന് രാവിലെ പത്തിന് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ നാഷണൽ സർവീസ് സ്കീമിലെ 750 ഗ്രീൻ വോളണ്ടിയർമാർ നഗര ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തേക്കിൻക്കാട് മൈതാനം, ടൗൺഹാൾ, ഭക്ഷണശാലകൾ, കലോത്സവം നടക്കുന്ന സ്കൂളുകൾ എന്നിവ കലോത്സവത്തിന് മന്നോടിയായി പൂർണമായി ശുചീകരിക്കും. ജില്ലയിലെ 200ൽ അധികം അദ്ധ്യാപകർ, കോർപ്പറേഷൻ ഹരിത കർമ്മ സേന തൊഴിലാളികൾ, ശുചിത്വ മിഷൻ പ്രവർത്തകർ എന്നിവർ ഈ പ്രവർത്തനങ്ങളിൽ പങ്കുചേരും.
ആശങ്കവേണ്ട ...ഒപ്പമുണ്ട് സിറ്റി പൊലീസ്
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് സിറ്റി പൊലീസ് സജ്ജം. മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 1200 ഓളം പൊലീസുകാർ സുരക്ഷ ഒരുക്കും. സ്റ്റേജുമായി ബന്ധപ്പെട്ട ഏഴ് സോണുകൾക്ക് പുറമേ ട്രാഫിക്, ഭക്ഷണം താമസം, സ്ട്രൈക്കറുകൾ, പാർക്കിംഗ് ഹെൽപ് ഡെസ്ക് ഉൾപ്പെടെ 11 സോണുകളായി തിരിച്ചാണ് പൊലീസ് സേനയെ വിന്യസിക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തുന്ന മത്സരാർത്ഥികൾക്കും കൂടെയുള്ളവർക്കുമായി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും 24 മണിക്കൂറും പൊലീസ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.
വഴികാട്ടാൻ ക്യൂ.ആർ.കോഡ്
കലോത്സത്തിന് എത്തുന്നവർക്ക് വഴികാട്ടാൻ ക്യൂ.ആർ കോഡോട് ഉൾപ്പെടുത്തി റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. നഗരത്തിലെ അറുപതിലധികം പാർക്കിംഗ് സ്ഥലങ്ങൾ, താമസ സ്ഥലം, മത്സര വേദികൾ എന്നിവ ഉൾപ്പെടുത്തിയാണ് റൂട്ട് മാപ്പ്. വഴികാട്ടാൻ സഹായത്തിനായി എസ്.പി.സി, എൻ.സി.സി, സ്കൗട്ട് ഗൈഡ് വാളണ്ടിയർമാരുടെ സേവനവും ലഭ്യമാകും. തൃശൂർ സിറ്റിയിൽ 24 മണിക്കൂർ മൊബൈൽ പട്രോളിംഗ്, ബൈക്ക് പട്രോളിംഗ്, സിറ്റിയിലെ ആറിടങ്ങളിൽ സ്ട്രൈക്കറുകൾ എന്നിവ ഉണ്ടാകും.പൊലീസ് ഹെൽപ്പ് ലൈൻ നമ്പർ 8086100100
'ഫൈനൽ ടച്ച് '
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടം. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ്, സബ് കളക്ടർ അഖിൽ വി. മേനോൻ, അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർമാരായ എം.കെ.ഷൈൻ മോൻ, ആർ.എസ്. ഷിബു, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ കെ.കെ.സുരേഷ് ബാബു, കെ.പി.അജയൻ എന്നിവർ പങ്കെടുത്തു.തൃശൂർ കോർപറേഷൻ, പൊതുമരാമത്ത് വിഭാഗം, പൊലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ്, കൊച്ചിൻ ദേവസ്വം ബോർഡ്, ശുചിത്വ മിഷൻ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പൂർണ സജ്ജം
- വേദികളിൽ സി.സി.ടി.വി നീരീക്ഷണം
- ലഹരി ഉപയോഗം കണ്ടെത്താൻ എക്സൈസിന്റെ പ്രത്യേക പട്രോളിംഗ്
- അഞ്ഞൂറോളം ശുചീകരണ തൊഴിലാളികൾ
- എല്ലാ വേദികൾക്ക് സമീപവും ആംബുലൻസ്,
- പ്രത്യേകം മെഡിക്കൽ എമർജൻസി ടീം
- പ്ലാസ്റ്റിക് വസ്തുക്കളിൽ പത്ത് രൂപയുടെ സ്റ്റിക്കർ പതിപ്പിച്ച് തിരികെ മടങ്ങുമ്പോൾ ഇവ കാണിച്ചാൽ തുക ലഭിക്കുന്ന സംവിധാനം
- ഫയർ ആൻഡ് റെസ്ക്യൂ പ്രത്യേകം കൺട്രോൾ റൂം തുറക്കും.
കലോത്സവത്തിന് എല്ലാതലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ മുതൽ കലോത്സവ നഗരികൾ സജീവമാകും. ഇന്നലെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താനുള്ള യോഗം ചേർന്നിരുന്നു ( അർജുൻ പാണ്ഡ്യൻ, ജില്ലാ കളക്ടർ)