മോദിക്കൊപ്പം പട്ടം പറത്തി ജർമ്മൻ ചാൻസലർ, സബർമതിയിലെ മഹാത്മഗാന്ധി ആശ്രമവും സന്ദർശിച്ചു

Tuesday 13 January 2026 12:40 AM IST

അഹമ്മദാബാദ്: അഹമ്മദാബാദിലെ സബർമതി റിവർ ഫ്രണ്ടിൽ ഇന്നലെ നടന്ന അന്താരാഷ്ട്ര പട്ടം പറത്തൽ ഉത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജർമ്മൻ ചാൻസലർ ഫ്രിഡ്രിച് മെർസിയും. ഇരുവരും പട്ടം പറത്തുന്ന വീഡിയോയും സമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. സബർമതിയിലെ മഹാത്മഗാന്ധി ആശ്രമത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് മോദിയും ചാൻസലറും ഗുജറാത്ത് സർക്കാരിന്റെ ടൂറിസം വകുപ്പ് സംഘടിപ്പിച്ച പട്ടം പറത്തൽ ചടങ്ങിനെത്തിയത്. തുടർന്ന് അന്താരാഷ്ട്ര പട്ടം പറത്തൽ ഉത്സവം മോദി ഉദ്ഘാടനം ചെയ്തശേഷം ഇരു നേതാക്കളും തുറന്ന വാഹനത്തിൽ ഗ്രൗണ്ടിലൂടെ സഞ്ചരിക്കുകയും പട്ടം പറത്തുകയുമായിരുന്നു. ഇതിനിടെ ഇരുവരും പട്ടം നിർമ്മിക്കുന്ന കലാകാരന്മാരോട് ഇതിന്റെ നിർമ്മാണ രീതികൾ ചോദിച്ച് മനസിലാക്കുകയും ചെയ്തു.

50 രാജ്യങ്ങളിൽ നിന്നുള്ള 135 പട്ടം പറത്തൽ വിദഗ്ദ്ധരും ഇന്ത്യയിൽ നിന്നുള്ള ആയിരത്തോളം കലാകാരന്മാരുമാണ് ഉത്സവത്തിൽ പങ്കെടുക്കാനെത്തിയത്. മകരസംക്രാന്തിയുടെ ഭാഗമായി നടക്കുന്ന പട്ടം പറത്തൽ ആഘോഷം 14 വരെ തുടരും. കഴിഞ്ഞ തവണ വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമായി നാലുലക്ഷത്തോളം ആളുകളാണ് അഹമ്മദാബാദിലെ പട്ടംപറത്തൽ മഹോത്സവം കാണാൻ എത്തിയത്.