ജർമ്മനിയിൽ ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസ ഒഴിവാക്കും
ന്യൂഡൽഹി: ജർമ്മനി വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരൻമാർക്ക് ട്രാൻസിറ്റ് വിസ ഒഴിവാക്കും. ഇതടക്കം 27 ധാരണാ പത്രങ്ങളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പിട്ടു. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെർസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്തിലെ ഗാന്ധിനഗറിൽ മഹാത്മാ മന്ദിറിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണിത്.
ജർമ്മനി വഴി യാത്ര ചെയ്യുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാത്ത ട്രാൻസിറ്റ് സൗകര്യം ഇന്ത്യൻ പൗരന്മാരുടെ യാത്ര സുഗമമാക്കുകയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ തീവ്രമാക്കുകയും ചെയ്യും. നിയമപരമായ കുടിയേറ്റം ശക്തിപ്പെടുത്താനും ധാരണയായി. അഹമ്മദാബാദിൽ സബർമതി ആശ്രമത്തിലെ മഹാത്മാഗാന്ധി പ്രതിമയിൽ ഇരുവരും പുഷ്പാർച്ചന നടത്തുകയും പട്ടം പറത്തൽ മഹോത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു. അഹമ്മദാബാദിൽ ഇന്ത്യ-ജർമ്മനി സി.ഇ.ഒ ഫോറത്തിലും പങ്കെടുത്തു. അധികാരമേറ്റ ശേഷമുള്ള മെർസിന്റെ ആദ്യ സന്ദർശനമാണിത്. ഇന്ന് ബംഗളൂരുവിലെ ബോഷ് പ്ളാന്റും നാനോ സയൻസ് ആന്റ് എൻജീനീയറിംഗും സന്ദർശിക്കും.ഇരു രാജ്യങ്ങളും പ്രതിരോധ, സുരക്ഷാ സഹകരണം ശക്തിപ്പെടുത്തും. ഇന്ത്യ-ജർമ്മനി അന്തർവാഹിനി ഇടപാട് ചർച്ച തുടരുകയാണെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
124 കോടി യൂറോയുടെ
ജർമ്മൻ സഹായം
ഇന്ത്യയിലെ ഇ-ബസ് സേവ, ഗ്രീൻ ഹൈഡ്രജൻ സംരംഭങ്ങൾ തുടങ്ങിയ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി,124 കോടി യൂറോയുടെ ജർമ്മൻ സഹായം.
ദീർഘകാല വ്യവസായ സഹകരണം ലക്ഷ്യമിട്ടുള്ള പ്രതിരോധ വ്യവസായ സഹകരണ രൂപരേഖ വികസിപ്പിക്കും.
അഹമ്മദാബാദിൽ ജർമ്മനിയുടെ ഓണററി കോൺസൽ
പുനരുപയോഗ ഊർജ്ജ നിക്ഷേപങ്ങൾക്കായി ഇന്ത്യ-ജർമ്മനി ബാറ്ററി സ്റ്റോറേജ് വർക്കിംഗ് ഗ്രൂപ്പ്
കരാറുകളും
ധാരണകളും:
ഹോക്കി ഇന്ത്യയും ജർമ്മൻ ഹോക്കി ഫെഡറേഷനും തമ്മിൽ യൂത്ത് ഹോക്കി വികസനം, ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും ജർമ്മനിയിലെ ചാരിറ്റെ യൂണിവേഴ്സിറ്റിയും തമ്മിൽ പരമ്പരാഗത വൈദ്യത്തിൽ സഹകരണം, ഗുജറാത്തിലെ ലോത്തലിൽ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് വികസിപ്പിക്കൽ, ഹൈദരാബാദിലെ നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പുനരുപയോഗ ഊർജ്ജത്തിൽ നൈപുണ്യത്തിനുള്ള ദേശീയ കേന്ദ്രം .