കരൂർ ദുരന്തം ഉത്തരവാദി ടി.വി.കെയല്ല: സി.ബി.ഐയോട് വിജയ്

Tuesday 13 January 2026 12:55 AM IST

ന്യൂ‌ഡൽഹി: കരൂർ ദുരന്തത്തിനു കാരണം താനോ ടി.വി.കെയോ അല്ലെന്ന് പാ‌ർട്ടി അദ്ധ്യക്ഷനും നടനുമായ വിജയ്‌. ഇന്നലെ ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് 7 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിലും മൊഴിയെടുക്കലിലുമാണ് വിജയ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. സി.ബി.ഐയുടെ 35ൽപ്പരം ചോദ്യങ്ങൾക്ക് മറുപടി നൽകി. ദുരന്തമുണ്ടായതിന് തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്തിയെന്നും സൂചനയുണ്ട്. ടി.വി.കെ പാർട്ടി കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ അതിനെയെല്ലാം അട്ടിമറിക്കുന്ന നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായെന്ന് സി.ബി.ഐയ്‌ക്ക് മൊഴി നൽകിയെന്നാണ് വിവരം. കൂടുതൽ ബുദ്ധിമുട്ടുകളും കുഴപ്പങ്ങളുമുണ്ടാകാതിരിക്കാനാണ് ദുരന്തത്തിനു പിന്നാലെ മേഖലയിൽ നിന്ന് ചെന്നൈയിലേക്ക് തിരിച്ചതെന്നും നടൻ വിശദീകരിച്ചു. ഇന്നലെ രാവിലെ 10.30ഓടെ ചാർട്ടേഡ് വിമാനത്തിലാണ് വിജയ് ഡൽഹി വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നും നേരെ സി.ബി. ഐ ആസ്ഥാനത്തേക്ക് എത്തി. പാർട്ടി നേതാക്കളായ ആദവ് അ‌ർജുന,സി.ടി.ആർ നിർമ്മൽ കുമാർ,അഭിഭാഷകർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

അതേസമയം,തമിഴ്നാട്ടിൽ വച്ചുതന്നെ മൊഴിയെടുക്കൽ ആവാമായിരുന്നെങ്കിലും ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയത് ബി.ജെ.പിയുടെ രാഷ്ട്രീയനീക്കമാണെന്ന് അഭ്യൂഹമുയർന്നിരുന്നു. ഇന്ന് വീണ്ടും ഹാജരാകാൻ നിർദ്ദേശമുണ്ടെങ്കിലും മറ്റൊരു തീയതി അനുവദിക്കണമെന്ന് നടൻ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരുപോലെ മൊഴി

ടി.വി.കെ ജനറൽ സെക്രട്ടറി എൻ. ആനന്ദ്,തിരഞ്ഞെടുപ്പ് മാനേജ്മേന്റ് ജനറൽ സെക്രട്ടറി ആദവ് അ‌ർജുന,ഡെപ്യൂട്ടി ജനറൽ സെക്രട്ടറി (ഐ.ടി ആൻഡ് സോഷ്യൽ മീഡിയ) സി.ടി.ആർ നിർമ്മൽ കുമാർ,കരൂർ വെസ്റ്ര് ജില്ലാ സെക്രട്ടറി വി.പി. മതിയഴകൻ തുടങ്ങിയവരിൽ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. അധികൃതരെ കുറ്റപ്പെടുത്തി കൊണ്ട് അവർ നൽകിയ മൊഴി തന്നെയാണ് പാർട്ടി അദ്ധ്യക്ഷനും ആവർത്തിച്ചത്.

'ജനനായകൻ'

സുപ്രീംകോടതിയിൽ

വിജയ് നായകനായ 'ജനനായകൻ' സിനിമ റിലീസ് ചെയ്യുന്നതിൽ സുപ്രീംകോടതി നിലപാട് നിർണായകമാകും. സിനിമയ്‌ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെ‌ഞ്ച് തടഞ്ഞിരുന്നു. നടപടി ചോദ്യംചെയ്‌ത് നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് പരമോന്നത കോടതിയെ സമീപിച്ചു. ഇതിനിടെ,തങ്ങളുടെ ഭാഗം കേൾക്കാതെ വിഷയത്തിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് തടസഹർജി സമർപ്പിച്ചു.