അഗസ്ത്യാർകൂട തീർത്ഥാടനം: നാളെ തുടക്കമാകും
വിതുര: ബോണക്കാട് മലനിരകളെ ഭക്തിസാന്ദ്രമാക്കി ഇക്കൊല്ലത്തെ അഗസ്ത്യാർകൂട തീർത്ഥാടനത്തിന് നാളെ തുടക്കമാകും.രണ്ടു ഘട്ടങ്ങളിലായുള്ള തീർത്ഥാടനത്തിന്റെ ആദ്യഘട്ടം നാളെ മുതൽ 31വരെയും,രണ്ടാംഘട്ടം ഫെബ്രുവരി 1 മുതൽ11 വരെയും നടക്കും.ആദ്യഘട്ടത്തിന്റെ രജിസ്ട്രഷൻ നടപടികൾ പൂർത്തിയായി.ഓൺലൈൻ വഴിയാണ് പ്രവേശനാനുമതി. രണ്ടാംഘട്ട തീർത്ഥാടനത്തിനുള്ള ബുക്കിംഗ് 23ന് രാവിലെ 11ന് ആരംഭിക്കുമെന്ന് ജില്ലാ വൈൽഡ് ലൈഫ് വാർഡൻ വിനോദ്.എസ്.വി അറിയിച്ചു.
തീർത്ഥാടകർക്കൊപ്പം ഗൈഡുകളുണ്ടാകും.വനത്തിനുള്ളിൽ ഭക്ഷണം പാചകം ചെയ്യാനോ,മദ്യം,പുകയില എന്നിവ ഉപയോഗിക്കോനോ,ഔഷധസസ്യങ്ങൾ ശേഖരിക്കാനോ അനുവാദമില്ല.വനപാലകരുടെ നിർദ്ദേശങ്ങൾ പാലിച്ചുവേണം സന്ദർശനം.സന്ദർശകർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം.നിലവിൽ ബോണക്കാട് വനമേഖലയിൽ കാട്ടാനയുടെയും,കാട്ടുപോത്തിന്റെയും ശല്യം വർദ്ധിച്ചിട്ടുള്ളതിനാൽ തീർത്ഥാടകർ ജാഗ്രത പാലിക്കണം.കൂടുതൽ പേർക്ക് സന്ദർശനാനുമതി നൽകണമെന്ന തീർത്ഥാടകരുടെ ആവശ്യം വനപാലകർ പരിഗണിച്ചിട്ടില്ല.കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് അഗസ്ത്യാർകൂടം.