അണ്ടൂർക്കോണം പഞ്ചായത്തിൽ ഭരണകക്ഷിയിൽ ഭിന്നത; സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ വിട്ടുനിന്നു
കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ പ്രകടമായി.പാർട്ടിയിലെ രണ്ട് പ്രധാന അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ ഒരു കമ്മിറ്റിയുടെ ഭരണം എൽ.ഡി.എഫിന് ലഭിച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് വിട്ടുനിൽക്കലിന് പിന്നിൽ.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ കോൺഗ്രസിന് മൂന്ന് അംഗങ്ങളുണ്ടായിരുന്നെങ്കിലും,വോട്ടെടുപ്പിൽ രണ്ടുപേർ മാത്രമാണ് പങ്കെടുത്തത്.
വലിയവീട് വാർഡ് മെമ്പർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ബർ.വൈ രണ്ട് വോട്ടുകൾ നേടി വിജയിച്ചു.എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.റഫീക്കിന് ഒരു വോട്ട് ലഭിച്ചു.ബി.ജെ.പി അംഗം വോട്ടെടുപ്പിൽ പങ്കെടുത്തില്ല.എന്നാൽ, തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായ ഉടൻ തന്നെ, വിട്ടുനിന്ന അംഗം പഞ്ചായത്തിലെത്തിയത് ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമായുള്ള ബോധപൂർവമായ വിട്ടുനിൽക്കലാണെന്ന ആരോപണം ശക്തമാക്കിയിട്ടുണ്ട്.ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് കോൺഗ്രസിന് നേരിട്ടുള്ള തിരിച്ചടിയുണ്ടായത്. ഇവിടെ മത്സരിക്കേണ്ടിയിരുന്ന കണ്ടൽ വാർഡ് മെമ്പർ യോഗത്തിന് എത്താതിരുന്നതോടെ എൽ.ഡി.എഫിലെ ജാസിം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.കോൺഗ്രസ് അംഗങ്ങളുടെ വിട്ടുനിൽക്കൽ ഇടതുപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കുകയായിരുന്നു.