ഇന്ത്യ പ്രധാന പങ്കാളി, ട്രംപ് അടുത്ത വർഷം വരും: യു.എസ് അംബാസഡർ , വാണിജ്യ ചർച്ച ഇന്ന് തുടങ്ങും

Tuesday 13 January 2026 1:10 AM IST

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നതിലെ എതിർപ്പ് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയെന്ന റിപ്പോർട്ടുകൾക്കിടെ ഇന്ത്യയുമായി അനിവാര്യ ബന്ധമെന്ന് പുതിയ യു.എസ് അംബാസഡർ സെർജിയോ ഗോർ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ കരാർ ഇന്ന് പുനഃരാരംഭിക്കുമെന്നും അദ്ദേഹം ഇന്ത്യയിലെ യു.എസ് അംബാസഡറായി ചുമതലയേറ്റ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ട്രംപിനൊപ്പം ഞാൻ ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്,പ്രധാനമന്ത്രി മോദിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം യഥാർത്ഥമാണെന്ന് എനിക്ക് സാക്ഷ്യപ്പെടുത്താൻ കഴിയും. ഒരു അത്താഴ വിരുന്നിനിടെ ട്രംപ് തന്റെ അവസാന ഇന്ത്യാ സന്ദർശനവും പ്രധാനമന്ത്രിയുമായുള്ള സൗഹൃദവും വിവരിച്ചു. പുലർച്ചെ 2ന് ഫോൺ വിളിക്കുന്ന ശീലമുള്ള ട്രംപിന് ഇന്ത്യൻ സമയമനുസരിച്ച് മോദിയുമായി സംഭാഷണം നടത്തുക എളുപ്പമാണെന്നും സെർജിയോ പറഞ്ഞു.

ഇരു രാജ്യങ്ങൾക്കുമിടയിൽ ഉയർന്ന തലങ്ങളിൽ ഉറച്ച ബന്ധമുണ്ട്. യഥാർത്ഥ സുഹൃത്തുക്കൾക്ക് വിയോജിപ്പുണ്ടാകാം,പക്ഷേ അവർക്ക് അവസാനം പ്രശ്നങ്ങൾ പരിഹരിക്കാനാകും -ഇന്ത്യയ്‌ക്കുമേൽ അധിക നികുതി പ്രഖ്യാപിച്ചത് അടക്കമുള്ള പ്രശ്‌നങ്ങൾ സൂചിപ്പിച്ചുകൊണ്ട് സെർജിയോ പറഞ്ഞു.

രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള ദൗത്യത്തിനായാണ് ഇന്ത്യയിലെ അംബാസഡറായത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യവും ഏറ്റവും വലിയ ജനാധിപത്യവും തമ്മിലുള്ള കൂടിച്ചേരലാണിത്. ഇന്ത്യയേക്കാൾ പ്രധാനപ്പെട്ട ഒരു പങ്കാളി വേറെയില്ല. യഥാർത്ഥ തന്ത്രപരമായ പങ്കാളികളായി പ്രയോജനകരമായ ഒരു അജൻഡ പിന്തുടരുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പാക‌്‌‌സ് സിലിക്കയിൽ

ഇന്ത്യയും

അമേരിക്ക ആരംഭിച്ച പാക്‌സ് സിലിക്ക സംരംഭത്തിൽ ഇന്ത്യയെയും പങ്കാളിയാക്കുമെന്നും സെർജിയോ അറിയിച്ചു. നിർണായക ധാതുക്കൾ,ഊർജ്ജം,സെമികണ്ടക്ടറുകൾ,എ.ഐ വികസനം,ലോജിസ്റ്റിക്സ് എന്നിവയുടെ സുരക്ഷിതമായ വിതരണ ശൃംഖല ലക്ഷ്യമിട്ടാണ് പുതിയ സംരംഭം. ജപ്പാൻ,ദക്ഷിണ കൊറിയ,യു.കെ,ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ അടുത്തിടെ അംഗമായി.