ബോഗിയിൽ മൂത്രമൊഴിച്ച സംഭവം, ജഡ്ജിയെ സർവീസിൽ തിരിച്ചെടുത്തത് സുപ്രീംകോടതി സ്റ്റേ ചെയ്തു

Tuesday 13 January 2026 1:14 AM IST

ന്യൂഡൽഹി: യാത്രക്കിടെ ബോഗിയിൽ മൂത്രമൊഴിച്ച ജഡ്ജിയുടെ പ്രവൃത്തി അറപ്പുളവാക്കുന്നതെന്ന് സുപ്രീംകോടതി. 2018 ജൂൺ 17ന് ട്രെയിനിൽ കയറിയതു മുതൽ മദ്ധ്യപ്രദേശിലെ ജുഡിഷ്യൽ ഓഫീസർ യാത്രക്കാർക്ക് ശല്യമായ സംഭവത്തിലാണിത്. ഹൈക്കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത സുപ്രീംകോടതി,ഈ ജഡ്ജിയെ സർവീസിൽ തിരിച്ചെടുത്തത് സ്റ്റേ ചെയ്യുകയും ചെയ്തു. മദ്യപാന ലഹരിയിൽ സിവിൽ ജഡ്‌ജിയായ നവ്നീത് സിംഗ് യാദവ് ബോഗിക്കുള്ളിൽ മൂത്രമൊഴിച്ചെന്നാണ് ആരോപണം. സ്ത്രീക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി. ടി.ടി.ഇയ്‌ക്കു നേരെ അസഭ്യവർഷം ചൊരിഞ്ഞു. താൻ ജ‌ഡ്‌ജിയാണെന്നും എല്ലാവരെയും ശരിപ്പെടുത്തി കളയുമെന്നും യാത്രക്കാരെ ഭീഷണിപ്പെടുത്തി. ഇതു കടുത്ത പെരുമാറ്റദൂഷ്യമാണെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്,സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ പറഞ്ഞു. പിരിച്ചുവിടേണ്ട കേസാണ്. ജഡ്‌ജിയെ പിരിച്ചുവിടാൻ മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ഭരണവിഭാഗം തീരുമാനിച്ചെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആ നടപടി റദ്ദാക്കി. ജുഡിഷ്യൽ സർവീസിൽ പുനഃപ്രവേശനം നൽകാനും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹൈക്കോടതി രജിസ്ട്രാർ ജനറൽ സമ‌ർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ആരോപണവിധേയനായ ജഡ്‌ജിക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.