മലപ്പുറം കളക്ടറോട് സുപ്രീംകോടതി: നൂറ് പള്ളിയുണ്ടെങ്കിലും  ഒന്നുകൂടി വരുന്നതിൽ എന്താണ് പ്രശ്നം?

Tuesday 13 January 2026 2:42 AM IST

ന്യൂ‌ഡൽഹി: നൂറ് മുസ്ലിം പള്ളിയുണ്ടെങ്കിലും പുതിയൊരണ്ണം കൂടി നിർമ്മിക്കാൻ അനുമതി നൽകുന്നതിൽ എന്താണ് പ്രശ്‌നമെന്ന് സുപ്രീംകോടതി. എങ്ങനെ അനുമതി നിഷേധിക്കാനാകും? നിലമ്പൂരിൽ വാണിജ്യകെട്ടിടത്തെ മുസ്ലിം പള്ളിയാക്കി മാറ്റാൻ മലപ്പുറം ജില്ലാ കളക്‌ടർ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ അമരമ്പലം തോട്ടേക്കാട് പ്രവർത്തിക്കുന്ന നൂറുൽ ഇസ്ലാം സാംസ്‌കാരിക സംഘം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി നേടാനായില്ല. 5 കിലോമീറ്റർ ചുറ്റളവിൽ 36 മുസ്ലിം പള്ളികളുണ്ടെന്ന ജില്ലാ കളക്‌ടറുടെ നിലപാട് ഹൈക്കോടതി ശരിവച്ചു. ഇതോടെ സംഘടന സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. രമ്യമായ പരിഹാരമുണ്ടാകണമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,​ അലോക് അരാധെ എന്നിവരടങ്ങിയ ബെ‌ഞ്ച് താത്പര്യപ്പെട്ടു. പള്ളി നി‌ർമ്മാണവുമായി ബന്ധപ്പെട്ട ഒരു നടപടിയും ഇപ്പോൾ പാടില്ല. മലപ്പുറം ജില്ലാ കളക്‌ടർ, അമരമ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് അടക്കം നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഫെബ്രുവരി 13ന് വീണ്ടും പരിഗണിച്ചേക്കും.