സർക്കാരുമായി യോജിച്ച് സമരത്തിനില്ല: സതീശൻ
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരുമായി യോജിച്ചുള്ള സമരത്തിന് യു.ഡി.എഫ് ഇല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഡൽഹിയിൽ ചെന്നാൽ മോദിക്കും അമിത്ഷായ്ക്കും മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന മുഖ്യമന്ത്രിയും ഭരണകൂടവുമാണ് കേരളത്തിലുള്ളത്. പുറത്ത് സമരം ചെയ്യുന്നുവെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും അകത്തുപോയി മോദിയും അമിത് ഷായും പറയുന്ന പേപ്പറുകളിൽ ഒപ്പുവച്ചു കൊടുക്കുകയും ചെയ്യുന്ന സർക്കാരാണിത്.
പി.എം ശ്രീ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ നിലപാട് എന്തായിരുന്നുവെന്ന് കണ്ടതാണ്. ഇവർക്കൊപ്പം സമരം ചെയ്യാൻ പോയാൽ ഞങ്ങൾ കൂടി വഷളാകും. കേസുകളിൽ നിന്നു രക്ഷപ്പെടാൻ സംസ്ഥാനത്തെ സി.പി.എം-ബി.ജെപി നേതൃത്വങ്ങൾ ബാന്ധവത്തിലാണ്. ബി.ജെ.പിയെപോലെ ഭൂരിപക്ഷ വർഗീയതയെ കേരളത്തിൽ സി.പി.എം പ്രോത്സാഹിപ്പിക്കുകയാണ്. കോൺഗ്രസ് വിരുദ്ധതയുള്ള ബി.ജെ.പി കേരളത്തിൽ സി.പി.എമ്മിനെ സഹായിക്കുകയാണ്. എൽ.ഡി.എഫ് സമരത്തിൽ നിന്നും ജോസ് കെ.മാണി വിട്ടുനിന്നതിനെ കുറിച്ച് അഭിപ്രായം പറയുന്നില്ല. അദ്ദേഹം ഇപ്പോഴും ഇടതുമുന്നണിയിലെ ഘടകകക്ഷിയാണ്. അവരുടെ വിശ്വാസ്യത നഷ്ടമാക്കുന്ന രീതിയിൽ ഒന്നും പറയില്ല.
ജനങ്ങളെ പറ്റിക്കാനുള്ള നാടകം: കെ.സി. വേണുഗോപാൽ
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ പറ്റിക്കാനുള്ള നാടകമാണ് കേന്ദ്രസർക്കാരിനെതിരെ എൽ.ഡി.എഫും മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്ത് നടത്തിയ സത്യഗ്രഹ സമരമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ .സി വേണുഗോപാൽ എം.പി. വിദ്യാഭ്യാസ നയത്തിലൂടെ ഉൾപ്പെടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാനുള്ള സമീപനങ്ങൾക്ക് കൂട്ടുകൂടുന്ന സർക്കാരാണിത്. ജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമസഭയിൽ വരുമ്പോൾ പാർട്ടി അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റി പരിശോധിച്ച് കൃത്യമായ തീരുമാനം എടുക്കും.
മുഖ്യമന്ത്രിയുടെ സത്യഗ്രഹം കോമഡി: ചെന്നിത്തല കേന്ദ്രഅവഗണനയ്ക്കെതിരെ എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹം വെറും കാപട്യവും കോമഡിയുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . കഴിഞ്ഞ പത്തുവർഷമായി കേന്ദ്ര അവഗണനയ്ക്കെതിരെ ചെറുവിരൽ അനക്കാത്തയാളാണ് മുഖ്യമന്ത്രി. തരം കിട്ടുമ്പോഴൊക്കെ ഡൽഹിയിലെത്തി പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും പ്രസാദിപ്പിക്കുകയും ചെയ്യും. എന്നിട്ടിപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സത്യാഗ്രഹസമരമെന്ന കോമഡിയുമായി ഇറങ്ങിയിരിക്കുകയാണ്. കേരളത്തിന് അവകാശപ്പെട്ടതൊന്നും കേന്ദ്രത്തിൽ നിന്നും പിടിച്ചുവാങ്ങാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു.