വിവിധ പദ്ധതികൾക്ക് കേന്ദ്ര കുടിശിക 5783 കോടി: മുഖ്യമന്ത്രി

Tuesday 13 January 2026 3:00 AM IST

തിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതികളിൽ കേരളത്തിന് ലഭിക്കേണ്ട വിഹിതത്തിൽ 2025 സെപ്റ്റംബർ വരെയുള്ള കുടിശിക മാത്രം 5783.69 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രസർക്കാർ ശ്രമം.

നിയമനിർമ്മാണ സഭകൾ പാസാക്കുന്ന ബില്ലുകൾ തടഞ്ഞു വയ്ക്കുന്നുവെന്നും കേന്ദ്ര സർക്കാരിനെതിരെ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ രാജ്യചരിത്രം തിരുത്താനാണ് സംഘപരിവാർ ശക്തികളുടെ ശ്രമം. സ്വാതന്ത്ര്യ സമര പോരാട്ടത്തെക്കുറിച്ച് വിദ്യാർത്ഥികൾ കുടുതൽ മനസിലാക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. വ്യാജചരിത്രം സൃഷ്ടിക്കാനാണ് നോക്കുന്നത്.

കേരളത്തിന്റെ ധൂർത്ത് കാരണമാണ് കടക്കെണിയെന്ന പ്രചാരണം തെറ്റാണ്. 2023- 24ൽ കടമെടുത്തതിന്റെ 56.29 ശതമാനവും മൂലധനച്ചെലവുകൾക്കായാണ് കേരളം വിനിയോഗിച്ചതെന്ന് സി.എ.ജി പറഞ്ഞിട്ടുണ്ട്. നിത്യനിദാന ചെലവുകൾക്കായി കടമെടുക്കുന്നു എന്ന പ്രചാരണവും വസ്തുതാ വിരുദ്ധമാണ്.

കമ്പോള വായ്പയുടെ വളർച്ചാനിരക്കിൽ രാജ്യത്ത് 18ാം സ്ഥാനത്താണ് കേരളം. കൊവിഡ് കാലത്ത് 38 ശതമാനമായിരുന്ന കടം 34 ശതമാനമായി താഴ്ന്നു. ആകെ റവന്യു വരുമാനത്തിൽ കേരളത്തിന്റെ തനതു വരുമാനം 72.84 ശതമാനമാണ്. രാജ്യ ശരാശരി 57.77 ശതമാനമാണ്. വിവിധ പദ്ധതികൾക്കായി കേന്ദ്രം നൽകേണ്ടത് കോടികളുടെ കുടിശികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി, കേന്ദ്ര കുടിശിക

(തുക കോടിയിൽ) ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം)................................ 636.88

യു.ജി.സി ആനുകൂല്യങ്ങൾ........................................................... 750.93

ക്ഷേമ പെൻഷൻ (ചിലതിൽ കേന്ദ്ര വിഹിതമുണ്ട്)..................... 324

ഭക്ഷ്യ സുരക്ഷ.................................................................................. 54.19

ഗരീബ് കല്യാൺ അന്ന യോജന................................................... 43.44

നെല്ല് സംഭരണം.............................................................................. 1,206.69

മൃഗ സംരക്ഷണ, ക്ഷീര വികസന മേഖല....................................... 37.4

സമഗ്ര ശിക്ഷ കേരള........................................................................ 1,148.13

ഡയറ്റുകളെ മികവിന്റെ കേന്ദ്രമാക്കൽ......................................... 21.44

ജലജീവൻ മിഷൻ.............................................................................. 974.68

പോഷൺ അഭിയാൻ....................................................................... 200.2

വനിത, ശിശു വികസനം................................................................ 55.51

ഫിഷറീസ്......................................................................................... 161.63

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്..................................................... 25.43

സാമൂഹ്യ നീതിയും ശാക്തീകരണവും......................................... 30.9

(മുഖ്യന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്)