ക്യാപ്ടനായി സമരം നയിച്ച് മുഖ്യമന്ത്രി ഭക്ഷണം കഴിക്കാതെ ആദ്യാവസാനം സമരപ്പന്തലിൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരായ സത്യഗ്രഹ സമരത്തിൽ ക്യാപ്ടനായി നിറഞ്ഞുനിന്ന് നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഒരുക്കിയ സമരപ്പന്തലിൽ ഏഴു മണിക്കൂർ മുഖ്യമന്ത്രി പങ്കെടുത്തത് ഭക്ഷണം പോലും കഴിക്കാതെ. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയ ഇടതു ബഹുജന സംഘടനകൾക്ക് അഭിവാദ്യം അർപ്പിച്ചും നേതാക്കൾക്ക് നിർദ്ദേശം നൽകിയും മുഖ്യമന്ത്രി സത്യഗ്രഹ പന്തലിലിരുന്നപ്പോൾ അണികളും ആവേശത്തിലായി.
സമരത്തിൽ പങ്കെടുക്കാൻ രാവിലെ പത്തുമണിക്കെത്തിയ മുഖ്യമന്ത്രിയെ സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി സ്വീകരിച്ചു. മുൻനിരയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവർക്ക് നടുവിലായിരുന്നു മുഖ്യമന്ത്രിയുടെ ഇരിപ്പിടം. കേന്ദ്ര സർക്കാരിനെതിരെയുള്ള ആരോപണങ്ങളും യു.ഡി.എഫിന്റെ ബി.ജെ.പി കൂട്ടുകെട്ടും പരാമർശിച്ച് മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം 1.15 മണിക്കൂർ നീണ്ടു.
അതിനിടയിൽ, ഐക്യദാർഢ്യ പ്രകടനങ്ങൾ ഒഴുകിയെത്തി. ഉദ്ഘാടനത്തിനു ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രിയെ ഭക്ഷണം കഴിക്കാൻ മന്ത്രി വി. ശിവൻകുട്ടിയും വി. ജോയിയും ക്ഷണിച്ചെങ്കിലും നിരസിച്ചു. വെള്ളം മാത്രമാണ് കുടിച്ചത്. കക്ഷിനേതാക്കളുടെ പ്രസംഗം തുടരുന്നതിനിടെ വേദിയുടെ പിന്നിൽ നിന്ന് എസ്.എഫ്.ഐയുടെ പ്രകടനമെത്തി. അതുകണ്ടതോടെ ആവേശത്തിലായ പിണറായി അടുത്തിരുന്ന മന്ത്രി കെ. രാജനെ വിളിച്ച് നിറചിരിയോടെ പ്രകടനം കാട്ടിക്കൊടുത്തു.
അരൂർ എം.എൽ.എ ദെലീമയുടെ നാടക ഗാനവും മുരുകൻ കാട്ടാക്കടയുടെ കവിതയും മുഖ്യമന്ത്രി ആസ്വദിച്ചു. ഉപവാസ സമരം അല്ലാത്തതിനാൽ ഞങ്ങളെല്ലാവരും ഉച്ചഭക്ഷണം കഴിച്ചെന്നും മുഖ്യമന്ത്രി അക്ഷരാർത്ഥത്തിൽ നിരാഹാര സത്യഗ്രഹമായിരുന്നെന്നും സമാപന പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞപ്പോഴാണ് മറ്റു നേതാക്കളും വിവരമറിഞ്ഞത്. അഞ്ചുമണിക്ക് സമരം അവസാനിപ്പിച്ചു.
അതിജീവിതയ്ക്ക് കപ്പുമായി
മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം
സമരപ്പന്തലിൽ വെള്ളം കുടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച കപ്പ് ശ്രദ്ധ നേടി. പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത ഫേസ് ബുക്കിലെഴുതിയ 'ലവ് യു ടു മൂൺ ആൻഡ് ബാക്ക്' എന്ന വാചകമാണ് കപ്പിൽ എഴുതിയിരുന്നത്.
അതിജീവിതയോടുള്ള മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യമായിരുന്നു ഇത്. പ്രസംഗത്തിനു ശേഷം ഇരിപ്പിടത്തിലെത്തിയ മുഖ്യമന്ത്രി ഈ കപ്പിൽ നിന്നാണ് വെള്ളം കുടിച്ചത്. കപ്പ് പിടിച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. കപ്പിലെ വാചകങ്ങൾക്ക് തന്റെ ഉള്ളിൽ നിന്നും അടർത്തി മാറ്റപ്പെട്ട ജിവന്റെ തുടിപ്പുണ്ടെന്ന് ചിത്രം പങ്കുവച്ച് അതിജീവിതയും പ്രതികരിച്ചു.
ജോസ് കെ. മാണി വിട്ടുനിന്നതല്ല യാത്രയിലാണെന്ന്പാർട്ടി
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പങ്കെടുക്കാത്തത് കേരളത്തിന് പുറത്ത് യാത്രയിലായതിനാലാണെന്ന് പാർട്ടി നേതൃത്വം. മനഃപ്പൂർവം വിട്ടുനിന്നെന്ന മാദ്ധ്യമവാർത്തകൾ വസ്തുതാവിരുദ്ധമാണ്. പങ്കെടുക്കില്ലെന്ന് എൽ.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു.