കോൺഗ്രസിൽ തർക്കമില്ല: കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ വരുമെന്ന പ്രചാരണം കോൺഗ്രസ് നേതാക്കളെ തെറ്റിക്കാനുള്ള ഇടതുപക്ഷത്തിന്റെ ഗൂഢതന്ത്രമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ രാഷ്ട്രീയം, സംസ്‌കാരം, ഫാസിസം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് കോൺഗ്രസിൽ തർക്കമില്ല. തിരഞ്ഞെടുപ്പിൽ വിജയിച്ച് നല്ലൊരു ഭരണം കാഴ്ചവയ്ക്കുന്ന സർക്കാർ രൂപീകരിക്കുകയാണ് ലക്ഷ്യം. ഒരു വർഗീയ സംഘടനയുമായി ചങ്ങാത്തമുണ്ടാക്കി വോട്ടുനേടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ജമാഅത്തെ ഇസ്ലാമിക്ക് സി.പി.എം പല ഘട്ടങ്ങളിലും നന്ദിപറഞ്ഞിട്ടുണ്ട്.
അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി - സി.പി.എം നേതാക്കൾ തമ്മിൽ അന്തർധാര ഉണ്ടാകുമെങ്കിലും അണികൾ അത് അംഗീകരിക്കില്ല. മോദിയുടെ മറ്റൊരു പതിപ്പാണ് കേരളത്തിലുമുള്ളത്. തന്നിലേക്ക് എല്ലാം കേന്ദ്രീകരിക്കുകയും താനാണ് ശരിയെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഫാസിസത്തിന്റെ ലക്ഷണമാണ്.