ചെറുപ്പക്കാർ ചതിയിൽപ്പെട്ട് എച്ച്.ഐ.വി ബാധിതരാകരുത് : മന്ത്രി വീണാ ജോർജ്

Tuesday 13 January 2026 3:22 AM IST

തിരുവനന്തപുരം:എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും ചെറുപ്പക്കാർ ചതിക്കുഴിയിൽപ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.ദേശീയ യുവജന ദിനം ഉദ്ഘാടനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിർവഹികയായിരുന്നു മന്ത്രി.

എച്ച്‌.ഐ.വി അണുബാധിതർ ആകുന്നവരിൽ 15 നും 24 നും ഇടയിൽ പ്രായമുള്ളവർ 2022 മുതൽ 2024 വരെ യഥാക്രമം 9%, 2%, 14.2% എന്നിങ്ങനെയാണ്.2025 ഏപ്രിൽ മുതൽ ഒക്ടോബർ വരെ 15.4%.കേരളം എച്ച്‌.ഐ.വി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണ്. എന്നാൽ മലയാളികൾ ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കൂടിയേറുന്നതും ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ കേരളത്തിലേക്ക് കുടിയേറുന്നതും വ്യാപന സാദ്ധ്യത വർദ്ധിപ്പിക്കും.

2022-23 കാലയളവിൽ പുതിയതായി എച്ച്‌.ഐ.വി അണുബാധ കണ്ടെത്തിയത് 1183 പേരിലാണ്. 2023-24ൽ 1263, 2024-25ൽ 1213, 2025 ഏപ്രിൽ മുതൽ ഒക്ടോബർ വരെ 819 പേർക്കുമാണ്. മൂന്നു വർഷത്തിൽ 4477 പേരാണ് അണുബാധിതരായത്. 3393 പുരുഷന്മാരും 1065 സ്ത്രീകളും 19 ട്രാൻസ്‌ജെൻഡെറുകളും. 90 പേർ ഗർഭിണികളാണ്.ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ.എൻ.ഖോബ്രഗഡെ അദ്ധ്യക്ഷത വഹിച്ചു.